Categories
കഥകൾ

ഒരു രാഷ്ട്രീയ കൊലപാതകം.

മയം രാത്രി 8:20, മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ വയലിന് നടുവിലൂടെ കഴിയുന്നത്ര വേഗത്തിൽ നടക്കുകയാണ് സഖാവ് രാമു.
ഇപ്പോഴിതിനെ വയലെന്ന് വിളിക്കാമോ എന്നറിയില്ല. നെൽകൃഷി നന്നേ കുറവാണ്. അധികവും മരച്ചീനിയും വാഴയും തന്നെ. പേരിന് അങ്ങിങ്ങ് ചെറിയ ചതുരകട്ടകൾ പോലെ നെൽകൃഷി കാണാം.

തന്റെ കുട്ടിക്കാലത്ത് അതിവിശാലമായിരുന്നു വടുവൂർകോണം ഏലാ.* രാമു മനസ്സിൽ ഓർത്തു.
ഏലായുടെ ഒത്ത നടുക്കൊരു വമ്പൻ പുളിമരം നിന്നിരുന്നു. വയലിലെ പണിക്കാർക്ക് ഉണ്ടായിരുന്ന ഏക അത്താണി. പുളിയും തിന്ന് നല്ല തണുത്ത വെള്ളവും കുടിച്ച് അൽപ്പ നേരം ആ തണലിൽ വിശ്രമിച്ചാൽ പണിയെടുത്ത ക്ഷീണമെല്ലാം പമ്പ കടക്കും.

ഈ കഥകൾ ഒരിക്കൽ തന്റെ ഇളയ മകനോട് പറഞ്ഞ് പരാജയപ്പെട്ട കാര്യം രാമു ഓർത്തു. ഇവിടം മൊത്തം നെൽവയൽ ആയിരുന്നെന്നും അതിന്റെ നടുക്ക് ഒരു പുളിമരം ഉണ്ടായിരുന്നെന്നും പറഞ്ഞിട്ട് അവൻ വിശ്വസിച്ചില്ല. അതുകൊണ്ട് തന്നെ, നിക്കറിന്റെ പോക്കറ്റിൽ പച്ച പുളിയും നിറച്ച്, സൈക്കിൾ ടയറും ഉരുട്ടി നടന്ന കഥകൾ ഒന്നും രാമു അവനോട് പറഞ്ഞില്ല.

ദൂരെ സഖാവ് കുട്ടന്റെ വീട്ടിലെ വെളിച്ചം കാണാറായി. കുട്ടിക്കാലം മുതലുള്ള കൂട്ടാണ് രാമുവും കുട്ടനും. കുട്ടന്റെ സ്വാധീനമാണ് രാമുവിനെ പാർട്ടിയിൽ എത്തിച്ചത്.

രാമു ഫോണിൽ സമയം നോക്കി. 8.25. അവൻ നടത്തത്തിന്റെ വേഗം ഒന്നൂടെ കൂട്ടി.
വൈകിയിട്ടില്ല. എട്ടരയ്ക്കാണ് മീറ്റിംഗ് പറഞ്ഞിരിക്കുന്നത്. സഖാവ് തോമസും സഖാവ് തങ്കപ്പൻ സാറും സഖാവ് ബാബുവും എത്തിയിട്ടുണ്ടാവും.
സഖാവ് കൃഷ്ണൻ നായർ വരാൻ സാധ്യതയില്ല.
കുട്ടന്റെ വീട്ടിൽ മീറ്റിംഗ് വച്ചത് തന്നെ കൃഷ്ണൻ നായർക്ക് ഇഷ്ടപെട്ടിട്ടില്ല. സഖാവ് കുട്ടന്റെ അപ്പനും അപ്പൂപ്പനും ഒക്കെ സഖാവ് കൃഷ്ണൻ നായരുടെ തറവാട്ടിലെ പുറംപണിക്കാർ ആയിരുന്നു. അങ്ങനെയുള്ള കുട്ടന്റെ വീട്ടിൽ മീറ്റിംഗ് കൂടി കട്ടൻ ചായ കുടിക്കാൻ സഖാവ് കൃഷ്ണൻ നായർ വരില്ല. കുട്ടന് അതിൽ പരാതിയും ഇല്ല.

രാമു ഏലായും കടന്ന്, തോടിന് കുറുകേയുള്ള പാലത്തിൽ എത്തി. ഈ പാലത്തിന്റെ സ്ഥാനത്ത് പണ്ടൊരു ഏറ്മാടം ഉണ്ടായിരുന്നു. കുട്ടന്റെ അച്ഛനും അപ്പൂപ്പനും ഒക്കെ ജീവിതത്തിന്റെ നല്ലൊരു ഭാഗം രാത്രികളിലും ഉറങ്ങിയും ഉറങ്ങാതെയും കഴിച്ചു കൂട്ടിയ സ്ഥലം. ഒരു കാലത്ത് അവരായിരുന്നു ഈ ഏലായുടെ കാവൽക്കാർ.

ഇനി കഷ്ടിച്ച് ഒരു ഫർലോങ്** കൂടേ ഒള്ളൂ. കുട്ടന്റെ വീടിനോട് അടുക്കുംതോറും രാമുവിന്റെ മനസ്സിലെ പിരിമുറുക്കം കൂടി വന്നു. പാർട്ടി ഇന്ന് വടുവൂർകോണത്ത് എക്കാലത്തേയും വലിയ പ്രതിസന്ധി നേരിടുകയാണ്. അതിന് ചില പ്രതിവിധികൾ ഉടൻ ചെയ്തേ മതിയാകൂ. അതിനാണ് ഈ അടിയന്തര മീറ്റിംഗ്.


മീറ്റിംഗ് കുട്ടന്റെ വീട്ടിൽ കൂടാൻ തീരുമാനിച്ചതിനും ഒരു കാരണം ഉണ്ടായിരുന്നു. കുട്ടന്റെ വീടിരിക്കുന്നത് ഒരു വെളിമ്പ്രദേശത്താണ്. ആർക്കും പതുങ്ങി വന്ന് മീറ്റിംഗിലെ വിവരങ്ങൾ ചോർത്താൻ സാധ്യമല്ല. പിന്നെ ചോരാൻ സാധ്യതയുള്ളത് സ്വന്തം പാർട്ടിയിൽ നിന്നും തന്നെയാണ്. അതുകൊണ്ട് തന്നെയാണ് പാർട്ടിയിലെ പ്രമുഖരെ മാത്രം മീറ്റിംഗിലേക്ക് ക്ഷണിച്ചത്. ആ പ്രമുഖരിൽ ഒരാൾ താനാണെന്ന സത്യം , ഈ പിരിമുറുക്കങ്ങൾക്കിടയിലും രാമുവിൽ ആവേശം പകർന്നു. വെറുമൊരു ലോക്കൽ കമ്മറ്റി മെമ്പറായ തന്നെ സഖാവ് തങ്കപ്പൻ സാറ് നേരിട്ട് വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. ജീവിതത്തിൽ അഭിമാനം കൊണ്ട് തല താനേ ഉയർന്നു പോയ ആദ്യ അനുഭവം.

രാമു കുട്ടന്റെ വീടിന് മുന്നിലെത്തി. ചുറ്റുമതിൽ ഇല്ലാത്ത പഴയൊരു ഓടിട്ട വീടാണ് കുട്ടന്റേത്. ഭാര്യയും അഞ്ചു വയസ്സുള്ള ഒരു മകളും കുട്ടന് ഉണ്ട്. കുട്ടൻ വരാന്തയിൽ തന്നെ ഇരിപ്പുണ്ട്. രാമു മുറ്റത്തേക്ക് കയറി. രാമുവിനെ കണ്ടതും കുട്ടൻ എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി വന്നു.

“ആരും എത്തിയില്ലേ ..?” രാമു ശബ്ദം താഴ്ത്തി ചോദിച്ചു.

“എല്ലാരും ഇവിടുണ്ട് ..” കുട്ടൻ ചുറ്റിലും നോക്കി കൊണ്ട് പിറുപിറുത്തു. , പിന്നെ, ചെറുതായി ഒന്ന് ചുമച്ചു.

അപ്പോൾ തൊഴുത്തിന്റെ ഭാഗത്തെ ഇരുട്ടിൽ ചില അനക്കങ്ങൾ കേട്ടു. തങ്കപ്പൻ സാറും തോമസും ബാബുവും ഇരുട്ടിൽ നിന്നും പ്രത്യക്ഷപ്പെട്ടു.

“നീ വരുന്നത് ആരെങ്കിലും കണ്ടോ?” സഖാവ് തങ്കപ്പൻ സാറ് ആകാംഷയോടെ ചോദിച്ചു.

” ഇല്ലാ ” രാമു മറുപടി പറഞ്ഞു.

പിന്നൊന്നും മിണ്ടാതെ തങ്കപ്പൻ സാറ് വിടിനുള്ളിലേയ്ക്ക് കയറി പോയി. പുറകേ തോമസും ബാബുവും.
എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്ന രാമുവിനോട് അകത്തേക്ക് ചെല്ലാൻ കുട്ടൻ ആംഗ്യം കാണിച്ചു.
രാമു യാന്ത്രികമായി വീടിനുള്ളിലേയ്ക്ക് നടന്നു. കുട്ടൻ ഒരു ബീഡിയും കത്തിച്ച് അവിടെ തന്നെ നിന്നു.
വീടിനുള്ളിൽ കയറിയ രാമുവിന്റെ പുറകിലായി വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടു.

കുട്ടൻ നാലാമത്തെ ബീഡിക്ക് തീ കൊടുത്തപ്പോൾ വാതിലുകൾ വീണ്ടും തുറന്നു.
രാമു മാത്രം പുറത്തേയ്ക്കിറങ്ങി വന്നു. അവന്റെ മുഖം വിളറിയിരുന്നു.
കുട്ടന്റെ മുന്നിലെത്തിയ രാമു, വെറുതേ കുട്ടന്റെ മുഖത്തേക്ക് നോക്കി. തന്റെ പഴയ കളിക്കൂട്ടുകാരനായ കുട്ടന്റെ മുഖം രാമുവിന് കാണാൻ സാധിച്ചില്ല. കണ്ടത് സഖാവ് കുട്ടന്റെ മുഖമായിരുന്നു.

“എന്നാ, നീ നടന്നോ…” കുട്ടൻ പറഞ്ഞു.

കുട്ടൻ അത് പറഞ്ഞ് തീരുന്നതിന് മുൻപ് തന്നെ രാമു നടന്നു തുടങ്ങിയിരുന്നു.

പാലവും കടന്ന് വയലിലേയ്ക്കിറങ്ങി രാമു ഓടുകയായിരുന്നു. എത്രയും വേഗം വീട്ടിലെത്തണം. മക്കൾ ഉറങ്ങിക്കാണും. സാരമില്ല, വിളിച്ചുണർത്താം. വയലിന്റെ നടുവിലെ പുളിമരത്തിന്റെ കഥ സത്യമാണെന്ന് ഇളയവനോട് പറയണം. നാളെ പറയാൻ സമയം കിട്ടിയെന്നു വരില്ല. പോലീസ് രാവിലേ തന്നെ വീട്ടിലെത്തും.
ഓട്ടത്തിനിടയിലും, ഇന്ന് രാത്രി കൊല്ലപ്പെടാൻ പോകുന്ന എതിർപാർട്ടിക്കാരന്റെ മുഖം ഓർത്തെടുക്കാൻ സഖാവ് രാമു ശ്രമിച്ചു കൊണ്ടേയിരുന്നു.

**********

* പാടശേഖരം

**  അഞ്ച് ഫർലോങ് = 1.006 കിലോമീറ്റർ

4 replies on “ഒരു രാഷ്ട്രീയ കൊലപാതകം.”

Leave a Reply

Your email address will not be published. Required fields are marked *