“ഭൂമീദേവിയുടെ മടിത്തട്ടിൽ മയങ്ങുകയായിരുന്ന ധൂളീപൂരിത താമ്രകൂട അല്പ ദണ്ഡം എടുത്ത്, ഒന്ന് കുടഞ്ഞ്,
അഗ്നി സ്പർശമേകി, ഡൂമികാ ഗന്ധം പരത്തി, അവൻ പ്രകമ്പിത ഉദര വിസ്ഫോടന ബോധേ വനാന്തർഭാഗത്തേക്ക് ഗമിച്ചു….”
മഹാകവി അപ്പി എഴുതി നിറുത്തി. പിന്നെ, ഗ്ലാസ്സിലിരുന്ന കള്ള് ഒറ്റവലിക്ക് അകത്താക്കി.
വരാന്തയിലിരുന്ന്, എത്തി നോക്കുകയായിരുന്ന മച്ചമ്പിയുടെ തലചുറ്റി.
“എന്തരെടേയ് അപ്പീ ഇത് ? ഭൂമീ ദേവിയുടെ മടിയിൽ കെടന്ന എന്തരെന്ന്….?”
എഴുത്ത് ബോർഡും പേനയും ഇടത് വശത്തെ മേശപ്പുറത്തേക്കിട്ട്, നടുവ് നിവർത്തി, പിന്നെ, ഒരു സിഗററ്റെടുത്ത് കത്തിച്ചു കൊണ്ട് അപ്പി,
ഭാഷാ പരിജ്ഞാനം ഇല്ലാത്ത, സ്കൂളിന്റെ പടി കണ്ടിട്ടില്ലാത്ത, കാശ് മാത്രം ധാരാളമുള്ള, ആവശ്യത്തിലേറെ മസ്സിലുള്ള മച്ചമ്പിയെ പുശ്ചത്തോടെ നോക്കി.
പിന്നെ, വ്യാഖ്യാനിച്ചു.
“തറയിൽ കെടന്ന ഒരു ബീഡിക്കുറ്റിയും എടുത്ത് വലിച്ച് പൊകയും വിട്ട് കൊണ്ട്, അവൻ പൊന്തക്കാട്ടിലോട്ട് തൂറാൻ പോയെന്ന്”
“ആഹാ!, എന്നാ പിന്നെ വായ്ക്ക് രുചിയായിട്ട് അങ്ങനെ എഴുതിയാൽ പോരെ? ഇതൊരുമാതിരി…”
“അതെങ്ങനെ മച്ചമ്പീ….. ഇപ്പഴത്തെ ബുദ്ധിജീവി പുല്ലന്മാർക്ക് ഇങ്ങനെയൊക്കെ എഴുതി കണ്ടാലേ വയിറ്റീന്ന് പോവൂ..”
“കഷ്ടം തന്നെടേയ് അപ്പീ…..”
മച്ചമ്പി ദയനീയമായി അപ്പിയെ നോക്കി.
അപ്പി തിരികെ മച്ചമ്പിയേയും.
ഇട്ടുമൂടാൻ കാശും, ഒരാവശ്യവും ഇല്ലാത്ത കുറേ മസ്സിലും ഉണ്ടായിട്ട് എന്ത് കാര്യം? അത്യന്താധുനിക സാഹിത്യ ബോധം ഇല്ലല്ലോ….
അപ്പി ഓർത്തു.
മച്ചമ്പി വീണ്ടും ഗ്ലാസ്സുകളിലേയ്ക്ക് കള്ള് ഒഴിച്ചു.
മുറ്റത്ത് കൊത്തി പെറുക്കി നിൽക്കുന്ന നാടൻ കോഴിയിൽ മച്ചമ്പി അനുരുക്തനാകുന്നത് അപ്പി തിരിച്ചറിഞ്ഞു. വരാന്തയിൽ ഇരുന്ന് മച്ചമ്പി ഒരു കാര്യവുമില്ലാതെ അവളെ പുകഴ്ത്താൻ തുടങ്ങി.
നടക്കുമ്പോഴുള്ള അവളുടെ കുണുക്കവും, തുടയുടെ വണ്ണവുമൊക്കെ പറഞ്ഞ് ആസ്വദിച്ച് കള്ളു കുടിക്കുന്ന മച്ചമ്പിയെ അപ്പി അവജ്ഞയോടെ നോക്കി.
അല്ലെങ്കിലും ചില പകൽ മാന്യന്മാർ ഇങ്ങനെയാണ്. രണ്ടെണ്ണം അകത്ത് ചെന്നാലേ തനിനിറം പുറത്ത് വരൂ…
ഭാര്യയെ പിണക്കി വീട്ടിലോട്ട് പറഞ്ഞയച്ചിട്ട്, സ്കോച്ച് വിസ്കിയുടെ കൂടെ ഒറ്റയ്ക്ക് തട്ടാൻ താൻ നേർച്ച നേർന്ന് നിർത്തിയിരിക്കുന്ന അരുമ കോഴിയാണ്. അതിനിടയിലാണ് മച്ചമ്പിയുടെ കള്ളുമായുള്ള വരവ് ….
ആത്മഗതം ഒക്കെ പറഞ്ഞ് തീരുന്നതിന് മുൻപേ മച്ചമ്പി ഒരു കല്ലെടുത്ത് കോഴിപ്പെണ്ണിന്റെ നെറുകൻ തല നോക്കി ഒറ്റയേറ്!.
ദോഷം പറയരുതല്ലോ, മച്ചമ്പിയ്ക്ക് നല്ല ഉന്നം ആണ്.
ചിറകടിച്ച് ഒരു രണ്ടടി പൊങ്ങി, തലകീഴായി തിരിഞ്ഞ്, രക്തം ചീറ്റി, കോഴി നിലം പതിച്ചു.
ആ കിടപ്പിൽ കിടന്ന് അവൾ നിരാശയോടെ അപ്പിയെ നോക്കി.
ഈ കാഴ്ച കണ്ട് ഞെട്ടി ചാരുകസേരയിൽ നിന്ന് പകുതി എഴുന്നേറ്റ അപ്പിക്ക് , കോഴിയുടെ നോട്ടം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
തീഷ്ണമായ ആ കോഴിക്കണ്ണുകൾ അപ്പിയോടിങ്ങനെ ചോദിച്ചു
“എന്നെ സ്കോച്ചും കൂട്ടി ഒറ്റയ്ക്ക് തട്ടിക്കോളാം എന്ന് വാക്ക് തന്നിട്ട്, ഇപ്പോൾ ഈ എരപ്പാളിക്ക് കള്ള് കുടിക്കാൻ വേണ്ടി, താനെന്നെ….”
അത് മുഴുവനും കേൾക്കാൻ കഴിയാതെ അപ്പി ചെവി പൊത്തി, ഉള്ളാലെ വിങ്ങിപ്പൊട്ടി. മനസ്സുകൊണ്ട് ഒരായിരം തവണ അവളോട് മാപ്പ് പറഞ്ഞു.
ആ മഹാകവി വരാന്തയിൽ കുത്തിയിരുന്ന് ഇങ്ങനെ ഉറക്കെ നിലവിളിച്ചു.
“അല്പ കുസുമ കിരീടേ, സുന്ദര –
കാർമേഘവർണ്ണേ …
സ്കോച്ച് വിസ്കി സമ്മിശ്രേ..
എന്റെ മാത്രം ഉദരത്തിൽ
ദഹിക്കാൻ ആശിച്ചൊരു നല്ല കോഴീ…
നിർദ്ദയ പഥരീ പ്രഹരേ
രക്ത പൂരിതേ ധൂളീ സമ്മിശ്ര….”
“ഹൊ! ഒന്ന് നിറുത്തെന്റെ അപ്പീ… ഇതൊരു ശല്ല്യമായല്ല”
മച്ചമ്പി വക്രിച്ച മോന്തായം കാണിച്ച് ആക്രോശിച്ചു.
അപ്പി നിലവിളി നിർത്തി.
മച്ചമ്പി കള്ള് ഗ്ലാസ്സ് അപ്പിയുടെ നേരെ നീട്ടി.
അപ്പി അനുസരണയോടെ അത് വാങ്ങി അണ്ണാക്കിലോട്ട് ഒഴിച്ചു.
“രക്ത പൂരിതേ.. ധൂളീ….
വീണ്ടും നിലവിളിക്കാൻ തുടങ്ങിയ അപ്പിയുടെ വായിലേക്ക് മച്ചമ്പി കത്തിച്ച ഒരു കഞ്ചാവ് ബീഡി തിരിക്കി വച്ചു കൊടുത്തു.
“ആഞ്ഞ് വലിച്ചോ… ഇനി നിന്റെ ശബ്ദം പുറത്ത് കേക്കരുത്. ഞാനിതിന്റെ പപ്പും പൂടയും കളഞ്ഞ് ഒന്ന് ശരിയാക്കട്ടെ.”
മച്ചമ്പി മുറ്റത്ത് വീണ് കിടന്ന കോഴിയെ എടുത്തു. അവളുടെ തലയിൽ നിന്ന് രക്തം ഇറ്റിറ്റ് വീണു കൊണ്ടേയിരുന്നു.
“തരക്കേടില്ലാത്ത കനമൊണ്ട്… ഒരു കോഴിയുടെ തലയീന്ന് ഇത്രേം രക്തമൊക്കെ വരുവോടേയ് അപ്പീ?”
വലിച്ചു കയറ്റിയ പുക മൂക്കിൽ കൂടെയും ചെവിയിൽ കൂടെയും വിട്ട്, അനന്തതയിലേയ്ക്ക് നോക്കി കൊണ്ട്, നിർവികാരനായി അപ്പി പ്രതിർവചിച്ചു..
“കാലത്തിന്റെ കറുത്ത പരവതാനിയിൽ ചവിട്ടി, വിഫലമായ ഭൂതകാലത്തെ പിന്നാക്കം തള്ളി, വിധി, ഒരു അഗ്നി ഗോളമായി പാഞ്ഞടുക്കുകയാണ്…”
” അതിപ്പോ ഇവിടെ പറയേണ്ട കാര്യം?” മച്ചമ്പി സംശയത്തോടെ ചോദിച്ചു.
അപ്പി അതിന് മറുപടി പറയാതെ റോഡിലേയ്ക്ക്
നോക്കി കണ്ണും തള്ളിയിരുന്നു.
അപ്പിയുടെ ആ ഇരുപ്പ് കണ്ട്, മച്ചമ്പിയും റോഡിലേയ്ക്ക് നോക്കി.
മച്ചമ്പിക്ക് കുളിര് കേറി !
നട്ടുച്ചവെയിലത്ത്, ചുട്ടുപൊളുന്ന ടാറിട്ട റോഡിലൂടെ ചവിട്ടി തുള്ളി വരുകയാണ് മഹാകവി അപ്പിയുടെ ഭാര്യ. ഇടുപ്പത്ത്, അപ്പിയുടെ സീമന്തപുത്രൻ വെയില് കൊണ്ട് വാടി തൂങ്ങിക്കിടക്കുന്നു.
‘അമ്മച്ചീ… പെണങ്ങി പോയവള് ഇത്ര വെക്കം തിരിച്ച് വന്നാ…. ഈ ചത്ത കോഴിയെ കണ്ടാൽ പാറാങ്കാലി എന്നെയും കൊല്ലുവല്ല….’
മച്ചമ്പി കോഴിക്കാലിൽ നിന്ന് പിടിവിട്ടു.
കോഴി ദ്രുതവേഗേ മണ്ണിൽ പതിച്ചു!
ഗേറ്റും തള്ളിത്തുറന്ന് പാഞ്ഞടുക്കുകയാണ് അപ്പിയുടെ വിധി !
വരാന്തയിലേക്ക് കയറുന്നതിന് മുൻപ് തന്നെ, അവൾ , കൈയ്യിലിരുന്ന കൊച്ചിനെ അന്തരീക്ഷത്തിലേക്ക് ചുഴറ്റി എറിഞ്ഞു.
അപ്പി, സൂപ്പർമാന്റെ ജട്ടിയും ഇട്ട്, പറന്നുയർന്ന്, കൊച്ചിനേയും കൊണ്ട് വരാന്തയിൽ തന്നെ ലാൻഡ് ചെയ്തു.
അപ്പിയുടെ വിധി രാക്ഷസ കണ്ണുകളാൽ ചുറ്റും നോക്കി.
കള്ള്! കഞ്ചാവ്!! അളിഞ്ഞ മച്ചമ്പി!!! പിന്നെ, ചത്തകോഴിയും!!!!
സബാഷ്!!!!!
താൻ ആറ്റുനോറ്റ് വളർത്തിയ കോഴിയുടെ ജഡം കണ്ട് അവൾ ഒരു നിമിഷം തരിച്ച് നിന്നു.
അപ്പിയുടെ ഉള്ളിലെ കള്ളും കഞ്ചാവും അവളെ നോക്കി പല്ലിളിച്ചു.
.
.
.
കള്ള് കുപ്പികൾ പൊട്ടി.
കസേരയുടെ കാലൊടിഞ്ഞു.
എഴുത്ത് ബോർഡും പേപ്പറുകളും വെറുതേ മുറ്റത്ത് കിടന്ന് കത്തി.
കോഴിയുടെ തലയിൽ നിന്ന് മാത്രമല്ല, മനുഷ്യരുടെ തലയിൽ നിന്നും ധാരാളം രക്തം വരുമെന്ന് മച്ചമ്പിക്ക് ബോധം പോകുന്നതിന് മുൻപ് തന്നെ ബോധ്യപ്പെട്ടു.
മുറ്റത്ത് കെട്ടിനിന്ന അപ്പിയുടെ ചോരയിൽ സീമന്തപുത്രൻ പേപ്പർ വള്ളം ഓടിച്ച് കളിച്ചു.
ഇതെല്ലാം കണ്ട്, ചുവരിലെ ആണിയിൽ തൂങ്ങിക്കിടന്ന് മഹാകവി അപ്പി പാടി…
“നിർദ്ദയ പഥരീ പ്രഹരേ…
രക്ത പൂരിതേ ധൂളീ സമ്മിശ്ര…”
20 replies on “മഹാകവിയുടെ കോഴി!”
“Prakambitha udara visphodana bodhe…”…🤣🤣🤣superr
thank you… 😂👍
“”മണി” പ്രവാളം” കൊള്ളാല്ലോ. മനസ്സിൽ കാണാന്‍ കഴിഞ്ഞ കഥാപാത്ര – കഥാസന്ദര്‍ഭ സൃഷ്ടികള്‍. മുറ്റത്ത് കുത്തിയിരിക്കുന്ന മച്ചമ്പി കണ്ണിന് മുന്നിലുണ്ട് 🥰🥰
ഇതൊക്കെ ഒരു ‘മണി’രസമല്ലേ …😉
😘😘 പൊളിച്ച് എഴുത്… 💖 💖
പാവം കോഴി…
അപ്പി അതിലും പാവമല്ലേ😉
കോഴി ഒണ്ടോ അപ്പീ ഒരു സ്കോച്ച് എടുക്കാൻ…… അപ്പീ കഥകൾ നന്നകുന്നുണ്ട്
Ha.. ha… Thank you ☺️
അപ്പിയുടെ എഴുത്തും േകാഴിയും അടിപൊളി തന്നെ🤣🤣😂
thank you 🙂
Ella storiesnde kude olle a pics…simple but powerful👌👌👍👍
Kollam
Thank you 🙂
Powerful message hilariously presented ….interesting
Thank you so much. please keep reading… 🙂
😃👌excellent
thank you 🙂
മഹാ കവിയുടെ സാഹിത്യം പൊളിച്ചു😀👍
Very interesting