Categories
കഥകൾ

ഹോളി ഹിൽസ്സിൽ ഒത്തുകൂടിയ ആറ് പേർ!

അദ്ധ്യായം ഒന്ന്.

മയം വൈകുന്നേരം 7 മണി കഴിഞ്ഞു. തിരുവനന്തപുരം കന്യാകുമാരി റോഡിൽ DySP ചന്ദ്രശേഖറിന്റെ Tata Nexon കഴിയുന്നതും വേഗത്തിൽ കുതിച്ചു പായുകയാണ്.

കാറിനുള്ളിലെ AC യുടെ  തണുപ്പിലും ചന്ദ്രശേഖറിന്റെ നെറ്റിയിലൂടെ വിയർപ്പ് ചാല് കീറി. ഭയന്നിട്ടെന്ന വണ്ണം അദ്ദേഹത്തിന്റെ ചുണ്ടുകൾ വിറച്ചു. നാളത്തെ പ്രഭാതത്തെ അഭിമുഖീകരിക്കാനുള്ള ആത്മധൈര്യം ആ ആരോഗ്യദൃഢഗാത്രന്റെ മനസ്സിന്, പക്ഷെ, ഉണ്ടായിരുന്നില്ല.

തൻറെ 25 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ പലപ്പോഴും മറ്റുള്ളവർക്ക് വേണ്ടി പല വിട്ടുവീഴ്ചകൾക്കും താൻ വിധേയനായിട്ടുണ്ട്. പക്ഷേ ഇത്തവണ അങ്ങനെയല്ല.തനിക്ക് തോന്നിയ ഒരു ദുർബുദ്ധി.ഇത് അല്പം കടന്നു പോയി എന്ന് അദ്ദേഹത്തിൻറെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. ഇന്ന് രാത്രി തന്നെ ഇതിനൊരു പ്രതിവിധി കണ്ടെത്തണം. അതിനാണ്, ഔദ്യോഗിക വാഹനവും ഡ്രൈവറെയും എല്ലാം ഒഴിവാക്കി അദ്ദേഹം ഒറ്റയ്ക്ക് പുറപ്പെട്ടത്.

വാഹനം ഇപ്പോൾ നെയ്യാറ്റിൻകര പിന്നിട്ടിരിക്കുന്നു.  ഇനിയുമുണ്ട് ഏതാണ്ട് 25ഓളം കിലോമീറ്റർ.  ചന്ദ്രശേഖരൻ അസ്വസ്ഥനായി.തിരുവനന്തപുരം നഗരത്തിൽ നിന്ന് 32 കിലോമീറ്റർ കിഴക്ക് മാറി കേരള തമിഴ്നാട് അതിർത്തിയിൽ നിന്ന് പിന്നെയും 10 കിലോമീറ്റർ മാറി ത്രിപ്പരപ്പ് പോകുന്ന വഴിക്കാണ് മുൻ മന്ത്രിയും ഇപ്പോൾ പ്രതിപക്ഷ MLA യുമായ CN ശിവദാസന്റെ ബെനാമി പേരിലുള്ള ഫാം ഹൗസ്സ്.

ബെനാമി പേരിലാണെങ്കിലും അത്, ശിവദാസന്റെ സ്വന്തം ഫാം ഹൗസ്സ് ആണെന്ന് നല്ലൊരു വിഭാഗം മാധ്യമ പ്രവർത്തകർക്കും നാട്ടുകാർക്കും നന്നായറിയാം. 162 ഏക്കർ റബർ എസ്റ്റേറ്റിന് ഒത്ത നടുവിലായി ബ്രിട്ടീഷുകാർ പണിത, കരിങ്കല്ലിൽ തീർത്ത ഒരു രണ്ടുനില മാളിക.ഇന്ന് അതിൽ ഏതാണ്ട് 50 ഏക്കറേ ബാക്കിയുള്ളൂ.

പണ്ടിത് തിരുവിതാംകൂർ രാജാക്കന്മാരുടെ ഒരു സ്വകാര്യ സങ്കേതമായിരുന്നു.  കേരള തമിഴ്നാട് സംസ്ഥാന രൂപീകരണ കാലത്ത്, കന്യാകുമാരി ജില്ലയെ തമിഴ്നാടിന് വിട്ട് കൊടുത്തപ്പോൾ , കേരളത്തിന് ഉണ്ടായ നഷ്ടങ്ങളിൽ, അധികമാരും അറിയാതെ പോയതാണ് ഈ 162 ഏക്കർ എസ്റ്റേറ്റും പിന്നെയീ ബംഗ്ലാവും.

പിന്നീടത് പള്ളിയുടെ കീഴിലുള്ള ഒരു ഗസ്റ്റ് ഹൗസ്സ് ആയി മാറി.തൊണ്ണൂറുകളിൽ മധുരക്കാരൻ ഒരു ചെട്ടിയാർ ആയി ഇതിന്റെ ഉടമസ്ഥൻ . പിന്നെയീ ബംഗ്ലാവിനെ പറ്റി ജനങ്ങൾ കേൾക്കുന്നത് ശിവദാസൻ സാറ് ഇത് വാങ്ങിയെന്നറിഞ്ഞപ്പോഴാണ്. അതും കുറച്ചു വർഷങ്ങൾക്കു മുൻപ് അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ.അന്നത് വിവാദമാക്കാൻ പ്രതിപക്ഷവും  ചില മാധ്യമ പ്രവർത്തകരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അത്രയ്ക്കുണ്ടായിരുന്നു ശിവദാസൻ സാറിൻറെ സ്വാധീനം. ഇന്ന് പ്രതിപക്ഷത്താണെങ്കിലും സ്വാധീനത്തിന് യാതൊരു കുറവുമില്ല. ആ ഒരൊറ്റ പ്രതീക്ഷയിലാണ് DySP ചന്ദ്രശേഖറിന്റെ ഈ യാത്ര.

കാർ കേരള തമിഴ്നാട് ബോർഡറായ കളിയക്കാവിളയിൽ എത്തി. ചെക്ക് പോസ്റ്റിൽ തമിഴ്നാട് പോലീസാണ്. ചെറിയൊരു ട്രാഫിക്ക് ബ്ലോക്ക് ഉണ്ട്. ചന്ദ്രശേഖർ ഒന്ന് പരുങ്ങി. ഭാഗ്യം, ചെക്കിങ്ങല്ല.  പരിചയമുള്ള പോലീസുകാരെയൊന്നും കാണാത്തതിന്റെ ആശ്വാസം DySP യുടെ മുഖത്ത് കാണാം. തമിഴ്നാട് പോലീസിലും ഒരുപാട് പരിചയക്കാർ ഉണ്ട്. ഇത് ചില സമയങ്ങളിൽ പാരയാകാറുണ്ട്.

കളിയക്കാവിള കഴിഞ്ഞയുടനെ ചന്ദ്രശേഖർ, പ്രധാന റോഡ് ഒഴിവാക്കി, ഇട റോഡിലേയ്ക്ക്  തിരിഞ്ഞു. മുൻപൊരിക്കൽ ശിവദാസൻ സാറിന്റെ ഒപ്പം വന്ന ഓർമ്മയിലാണ് ഈ വഴി തിരഞ്ഞെടുത്തത്. ആ തീരുമാനം തെറ്റായിപ്പോയി എന്ന് ചന്ദ്രശേഖറിന് പെട്ടെന്ന് തന്നെ ബോധ്യമായി.ഒരു തല്ലിപ്പൊളി റോഡ്. വീതി തീരേ കുറവ്.ഒരു മര്യാദയും ഇല്ലാതെ വണ്ടിയോടിക്കുന്ന തമിഴന്മാർ. പലദിക്കിൽ നിന്നായി മുഴങ്ങി ക്കേൾക്കുന്ന തമിഴിലെ പുളിച്ച തെറികൾ.കേട്ടില്ലാ എന്ന് ഭാവിച്ച് ചന്ദ്രശേഖർ വണ്ടി മുന്നോട്ട് ഓടിച്ചു. ക്ഷിപ്രകോപിയായ DySP ഇപ്പോൾ അശക്തനാണ്. പിടിച്ചിരിക്കുന്നത് പുലി വാലല്ല, അതിലും വലുതെന്തോ ആണ്. അതാദ്യം ഒഴിവാക്കണം. ബാക്കിയെല്ലാം പിന്നെ.

വണ്ടിയിപ്പോൾ എസ്റ്റേറ്റിന്റെ ഗേറ്റ് കടന്നു. “ഹോളി ഹിൽസ് “, എസ്റ്റേറ്റിന്റെ പേരെഴുതിയ പഴകിയ ബോർഡ് വലത് വശത്തായി കണ്ടു.

പണ്ട്, പള്ളിക്കാർ കൈവശം വച്ചിരുന്നപ്പോൾ അവർ ഇട്ട പേരാണ്. പിന്നെ വാങ്ങിയവരാരും തന്നെ പേരിൽ മാറ്റം ഒന്നും വരുത്തിയിട്ടില്ല.പേര് മാറിയാൽ ഉടമസ്ഥനും മാറിയെന്ന് ആൾക്കാർ പെട്ടന്ന് തിരിച്ചറിയുമല്ലോ. അതൊഴിവാക്കാനുള്ള ഒരു സൂത്രപ്പണി.

ഇനിയും 2 കിലോമീറ്റർ മുകളിലേയ്ക്ക് പോകണം. അതൊരു കുന്നാണ്.’ഹോളി ഹിൽസ്സ് ‘ .മുകളിൽ ദൂരെ ബംഗ്ലാവിന്റെ വെളിച്ചം കണ്ടു തുടങ്ങി. ഇരുട്ടിന്റെ ഉള്ളിൽ പ്രകാശമണിഞ്ഞ്, തലയുയർത്തി നിൽക്കുന്ന ആ കെട്ടിടം കണ്ടപ്പോൾ ചന്ദ്രശേഖറിന് ആശ്വാസമാണോ പരവേശമാണോ ഉണ്ടായതെന്ന് നിശ്ചയമില്ല. പ്രകാശ പൂരിതമായ ആ വലിയ മുറ്റത്തേക്ക്  DySP യുടെ നീല നെക്സോൺ നിശബ്ദമായി ചെന്ന് നിന്നു.

ബംഗ്ലാവിനകത്തെ വിശാലമായ ഹാളിലെ സോഫയിലിരുന്ന് ചില ഫയലുകൾ നോക്കുകയാണ് MLA ശിവദാസൻ.

65 ന് മുകളിൽ പ്രായം.മിക്കവാറും കഷണ്ടി കയറിയ തല. ബാക്കി നിൽക്കുന്ന നരച്ച തലമുടികൾ മങ്കൂസുകളെ പോലെ എത്തിനോക്കി ഉയർന്നു നിന്നിരുന്നു. നരച്ച മീശ പറ്റെ വെട്ടി ഒതുക്കിയിട്ടുണ്ട്.  നന്നായി ഷേവ് ചെയ്ത, ചുളിവുകൾ വീണ മുഖം. ചെവിയിൽ നിന്നും ആന്റിന കണക്കെ പുറത്തേക്ക് തള്ളി നിൽക്കുന്ന എട്ടോ പത്തോ രോമങ്ങൾ. ഖദർ മുണ്ടും ഒരു ഇന്നർ ബനിയനുമാണ് വേഷം. വലതു കൈയ്യിൽ എരിയുന്ന കിംഗ്സ് സിഗരറ്റ്.

പുറത്തൊരു വാഹനം വന്ന് നിന്നതറിഞ്ഞ് അദ്ദേഹം മെല്ലെ തലയൊന്നുയർത്തി നോക്കി, പിന്നെ വീണ്ടും ശ്രദ്ധ ഫയലിലേയ്ക്ക് തിരിഞ്ഞു.

ചന്ദ്രശേഖർ മെല്ലെ ഹാളിലേയ്ക്ക് പ്രവേശിച്ചു. ചെറിയൊരു പരുങ്ങലോടെ ശിവദാസന് എതിരേ കിടന്ന സോഫയ്ക്കരുകിൽ നിന്നു.ചന്ദ്രശേഖർ എന്തോ പറയാൻ തുടങ്ങിയപ്പോൾ പുറത്ത് ഒരു വാഹനത്തിൻറെ ഒച്ച കേട്ടു.

‘അതു നമ്മുടെ ജോർജ്ജാ…. ഹാ!… അഡ്വക്കേറ്റേ…..’

ശിവദാസൻ ഭാവവ്യത്യാസം ഒന്നും ഇല്ലാതെ പറഞ്ഞു.

ജോർജ്ജ് വന്നു. ചന്ദ്രശേഖർ ഇരുന്ന സോഫയുടെ മറ്റേ അറ്റം പറ്റി, ഗൗരവഭാവത്തിൽ അയാൾ ഇരുന്നു.

പിന്നെയും കനത്ത നിശബ്ദത.താനൊരു വിജനമായ കടൽത്തീരത്ത് ഇരിക്കുന്നത് പോലെ ചന്ദ്രശേഖറിന് തോന്നി. ഫയലിന്റെ പേജുകൾ മറിയുന്ന ശബ്ദം തിരമാലകളായി അയാളുടെ ചെവികളിലേയ്ക്ക് ഇരച്ചു കയറി.

സോഫകളിൽ ആൾക്കാരുടെ എണ്ണം കൂടി കൂടി വന്നു. ജോർജ്ജിന് പുറമേ, നഗരത്തിലെ പ്രശസ്തനായ ഡോക്ടർ പൊതുവാൾ, പ്രമുഖ മാധ്യമ പ്രവർത്തകൻ അശോകൻ കൊടുവള്ളി, സാമൂഹിക പ്രവർത്തകയും സ്ത്രീപക്ഷവാദിയുമായ ഡോ. രാധികാ മുഹമ്മദ് എന്നിവരും നിശബ്ദമായി സോഫകളിൽ ഇടം പിടിച്ചു.

എല്ലാവർക്കും ചായകൾ എത്തിച്ച്, ശിവദാസന്റെ സഹായി, അടുക്കളയിലേയ്ക്ക് ഉൾവലിഞ്ഞു.

ശിവദാസൻ ഫയലുകൾ മാറ്റി വച്ച്, എല്ലാവരേയും ഉദാസീന ഭാവത്തിൽ ഒന്ന് ഉഴിഞ്ഞ് നോക്കി. ആ നോട്ടം ഏറ്റ് വാങ്ങാനാകാതെ ചിലർ തലതാഴ്ത്തി. ചിലർ ചായ കുടിക്കുന്നതിൽ കൂടുതൽ ശ്രദ്ധിച്ചു. ഡോ. രാധിക തന്റെ ബാഗിനുള്ളിൽ വളരെ അത്യാവശ്യമായ എന്തോ തിരയുകയായിരുന്നു, അപ്പോൾ.

തനിക്ക് മാത്രമല്ല, എല്ലാവർക്കും പരിഭ്രമമുണ്ടെന്ന് അറിഞ്ഞപ്പോൾ ചന്ദ്രശേഖറിന്റെ മനസ്സൊന്ന് തണുത്തു.

“എന്നാൽ പറ വക്കീലേ…..”ശിവദാസൻ അഡ്വക്കേറ്റ് ജോർജ്ജിനെ നോക്കി പറഞ്ഞു.

തൊണ്ട ശരിയാക്കി, ഒന്ന് ഇളകിയിരുന്നു കൊണ്ട്, വക്കീല്, ഈ രഹസ്യ യോഗത്തിന് കാരണഭൂതമായ സംഭവങ്ങൾ വിവരിക്കാൻ തുടങ്ങി.

തുടരും…..

15 replies on “ഹോളി ഹിൽസ്സിൽ ഒത്തുകൂടിയ ആറ് പേർ!”

ഉദ്വേഗജനകമായ നിമിഷത്തില്‍ എന്നെ കൊണ്ടെത്തിച്ചു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Beautifully crafted.. 😍😍👍👍

സസ്പെൻസ് ആണല്ലോ👌👌… തൃപ്പരപ്പിലെ ആ കൂടിച്ചേരൽ രഹസ്യമറിയാൻ കാത്തിരിക്കുന്നു..😊

Leave a Reply

Your email address will not be published. Required fields are marked *