Categories
അപ്പി കഥകൾ

അപ്പിയുടെ സുന്ദര സുപ്രഭാതങ്ങൾ!

പ്പി പട്ടാളത്തിൽ ചേരട്ടെ!”

കാസ രോഗിയായ അപ്പൻ കണ്ണും തള്ളിയിരുന്ന് പ്രസ്താവിച്ചു.
ഇത് കേട്ട് ഇടി വെട്ടിയത് പോലെ അപ്പി നിന്നു.
അമ്മച്ചി ബോധം കെട്ട് വീണു.
നിലവിളി ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ, ഒരു കോട്ടൺ സാരി മുഴുവനായി അണ്ണാക്കിലേയ്ക്ക് തള്ളിക്കയറ്റി, പെങ്ങൾ അടുക്കളത്തറയിൽ കിടന്നുരുണ്ടു.


എന്നിട്ടും ആ നിലവിളി രണ്ട് ഫർലോംഗ് അപ്പുറത്തെ കവല വരെ കേട്ടു.
ജോലിയും കൂലിയും ഇല്ലാത്ത നാട്ടുകാർ ഓടിക്കൂടി.

“ഇവനിനി പഠിച്ചിട്ട് വലിയ കാര്യമൊന്നും ഇല്ല. ഇവൻ പട്ടാളത്തിൽ പോട്ടെ !”

അപ്പൻ നാട്ടുകാരുടെ മുന്നിൽ തന്റെ പ്രസ്താവന ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ച്, പന്നി അമറുന്ന ശബ്ദത്തിൽ ശ്വാസം വലിച്ചു.

ശ്വാസം അടക്കിപിടിച്ച് കേട്ടു നിന്ന നാട്ടുകാർ,  കൂട്ടത്തോടെ അത് തലകുലുക്കി സമ്മതിച്ചു.

“ഈ ചള്ള് ദേഹവും കൊണ്ടങ്ങ് ചെന്നാ മതി, പട്ടാളത്തിൽ ചേരാൻ …”

പരിചയമുള്ളൊരു പരിഹാസശബ്ദം.
അപ്പി ആൾക്കൂട്ടത്തിലേയ്ക്ക് എത്തി നോക്കി.
വാസു പണിക്കരാണ്. കഴിഞ്ഞയാഴ്ചയും തന്റെ കൈയ്യിൽ നിന്ന് പത്ത് രൂപ കടം വാങ്ങി പോയവനാണ്, നാറി!.

നാട്ടുകാർ അപ്പിയുടെ മധുര പതിനേഴ് തികഞ്ഞ മേനിയിലൂടെ കൂട്ടമായി കണ്ണോടിച്ചു.
അപ്പിക്ക് നാണം വന്നു. അവൻ  പുറത്തേക്ക് തള്ളി നിന്ന തന്റെ സുന്ദരമായ വയർ അകത്തേക്ക് ഒതുക്കി പിടിക്കാൻ ഒരു വിഫലശ്രമം നടത്തി.

അപ്പൻ അപ്പിയുടെ മുഖത്ത് നോക്കി നിർദ്ദയം പുച്ഛിച്ചു.

“ചെറുക്കനെ കൊണ്ട് ചെന്ന് വല്ല കളരിയിലാ മറ്റാ ചേർത്ത് വിട്. നെയ്യ്  എളകട്ട് “

സ്ഥലത്തെ മറ്റൊരു മാന്യൻ പ്രസ്താവിച്ചു.

” എന്തിരിന്?, വെറുതേ പൈസകള് കളയാൻ … വെളുപ്പിനേ എഴിച്ച് ഒര് ഇരുപത് ഫർലോങ്ങ് ഓടട്ട്. നെയ്യ്കള് താനേ എളകും”

വീണ്ടും പണിക്കരുടെ വക സ്റ്റേറ്റ്മെന്റ് .
അതും നാട്ടുകാര് കൂട്ടത്തോടെ തലകുലുക്കി സമ്മതിച്ചു.

രണ്ട്‌  ഭേദഗതികളും തല കുലുക്കി പാസ്സാക്കി ക്കൊണ്ട്  യോഗം പിരിച്ചുവിട്ടു.

ഭേദഗതി ഒന്ന് –  അപ്പി പട്ടാളത്തിൽ ചേരട്ടെ!
ഭേദഗതി രണ്ട് –  അപ്പി വെളുപ്പിന് അഞ്ച് മണിക്ക് എഴുന്നേറ്റ് ഇരുപത് ഫർലോങ് ഓടട്ടെ!.

ആദ്യത്തെ ഭേദഗതി അപ്പിക്ക് ഏതാണ്ട് സമ്മതമായിരുന്നു.
കുറച്ച് കഷ്ടപ്പാടുണ്ടെങ്കിലും പട്ടാളത്തിൽ ക്വോട്ട കിട്ടുമല്ലോ. അത് വല്ലാത്തൊരു പ്രലോഭനം തന്നെ!

എന്നാൽ, രണ്ടാമത്തെ ഭേദഗതി., അതിനെ കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ അപ്പിക്ക് ബോധക്കേട് വന്നു.

സമയം പിറ്റേന്ന് പുലർച്ചെ നാലരയിലേയ്ക്ക് ഇഴഞ്ഞെത്തി.

എന്തോ ഒരു അലർച്ച കേട്ടാണ് അപ്പി ഞെട്ടി എണീറ്റത്. മുറിയുടെ വാതിൽക്കൽ പിടിച്ച് നിന്ന് ശ്വാസംമുട്ടൽ വകവയ്ക്കാതെ എന്തൊക്കെയോ പറയാൻ ശ്രമിക്കുകയാണ് അപ്പൻ.
പറഞ്ഞതൊന്നും അങ്ങോട്ട്  വ്യക്തമായില്ലെങ്കിലും,   ഇടയ്ക്കിടയ്ക്ക്, തടി…, തീറ്റ…, പട്ടാളം… പിന്നെ, നായിന്റെ മോൻ….  ഇത്രയും വാക്കുകൾ അപ്പിക്ക് പെട്ടെന്ന് തന്നെ മനസ്സിലായി.

അപ്പി വീട്ടിൽ നിന്ന് ഇറങ്ങി ഓടി.
അപ്പോഴും വീട്ടിനുള്ളിൽ നിന്ന് അമറലും മുരൾച്ചയും കേട്ടു കൊണ്ടിരുന്നു.

വഴിയിൽ, പാൽക്കാരൻ, പത്രക്കാരൻ, കറവക്കാരൻ തുടങ്ങിയ സുപ്രഭാത ക്ഷുദ്ര ജീവികളുടെ മുന്നിൽ കൃത്യമായി തന്നെ ചെന്നുപെട്ടു. ആവോളം പുച്ഛം ഏറ്റുവാങ്ങി.

റൂട്ട് മാറ്റിപ്പിടിക്കാൻ തന്നെ അപ്പി തീരുമാനിച്ചു. ഓട്ടം കനാൽ റോഡിലേയ്ക്ക് തിരിച്ച് വിട്ടു. അതാവുമ്പോൾ, ഈ സമയത്ത് അവിടെ ആരും ഉണ്ടാകില്ല.
ആണ്ടിൽ രണ്ടോ മൂന്നോ തവണ മാത്രം വെള്ളം ഒഴുകുന്നതാണ് പ്രസ്തുത കനാൽ. എന്നാൽ, അത്യാവശ്യം വീതിയുണ്ട് കനാൽ റോഡിന്.

അവിടെയെങ്ങും കള്ളിന്റെ മണമാണ്.
നേരം പുലർന്നിട്ടില്ല. നാല് മണിക്ക് തന്നെ മാധവന്റെ കനാൽക്കരയിലെ തെങ്ങിൻ തോപ്പിൽ കള്ള് ചെത്ത് ആരംഭിക്കും. ഏഴ് മണിക്ക് മുമ്പ്  ഷാപ്പുകളിൽ എത്തിക്കാൻ ഉള്ളതാണ്.

ചെത്തുകാരൻ ശംഭു കള്ളുമായി ഇറങ്ങുമ്പോഴാണ്  കനാൽ റോഡിലൂടെ ആരോ ഏന്തി വലിഞ്ഞ് ഓടുന്നത് കണ്ടത്.

“ആരെടാ അത്?”
ശംഭു ആക്രോശിച്ചു.

“നിന്റപ്പൻ!”
ഇതും പറഞ്ഞ് അപ്പി നിന്ന് കിതച്ചു.

“ആഹാ! നീയാടേയ് അപ്പീ?”
ശംഭു ചിരിച്ചു കൊണ്ട് കനാൽ റോഡിലേയ്ക്ക് വന്നു.

കിതച്ച് നിൽക്കുന്ന അപ്പിയെ നോക്കി ശംഭു കുസൃതി ചിരിയോടെ ചോദിച്ചു    
    “സത്യം പറയെടേയ് അപ്പീ.. കൊച്ചു വെളുപ്പാൻ കാലത്ത് യേത് ചെറ്റയും പൊളിച്ചോണ്ടൊള്ള വരവാണ്?”

ശംഭുവിനെ ദയനീയമായി നോക്കി, അപ്പിയുടെ ചുണ്ടുകൾ വിറച്ചു.

” വെള്ളം…”

ദീനാനുകമ്പനായ ശംഭു ആർദ്രമായ മനസ്സോടെ കള്ളു കുടം നീട്ടി.

ഒരു കുടം കള്ളും അകത്താക്കിയ അപ്പിയുടെ ചുണ്ടുകൾ വീണ്ടും വിറച്ചു.

ശംഭുവിന്റെ ദീനാനുകമ്പ അൽപ്പം കുറഞ്ഞു.

“കാശ് വേണം!”

ശംഭു അൽപ്പം പരുഷമായി തന്നെ പറഞ്ഞു.

അപ്പിയുടെ കുഞ്ഞ് മനസ്സ് നൊന്തു.

“നാളെ തരാം..”

കരച്ചിലടക്കി അപ്പി പറഞ്ഞൊപ്പിച്ചു.

വെറും വയറ്റിൽ കള്ള് ചെന്നപ്പോൾ അപ്പിക്ക് പല തവണ കുളിര് കോരി.
അവൻ കരഞ്ഞു, ചിരിച്ചു , റോഡിന്റെ വീതി അളന്നു.
ശംഭുവിനെ സഹായിക്കാൻ തെങ്ങിൽ കയറാൻ വരെ നല്ലവനായ അപ്പി തയ്യാറായി.

ശല്യം സഹിക്കാതായപ്പോൾ , അപ്പിയെ പിടിച്ച് വലിച്ച് കനാലിന് കുറുകേയുള്ള ചെറിയ പാലത്തിനടിയിൽ കൊണ്ട് കിടത്തി, ശംഭു അലറി.

” അടങ്ങിക്കെട നായിന്റെ മോനേ.. ഇനിയിവിടുന്ന് എഴിച്ചാൽ അമ്മച്ചിയാണെ കൊല്ലും നിന്നെ…”

അനുസരണയുള്ള അപ്പി പിന്നെ അനങ്ങിയില്ല.

കണ്ണു തുറന്നപ്പോൾ നല്ല വെളിച്ചം.
അപ്പി വാച്ചിലേയ്ക്ക് നോക്കി. സമയം ഏഴ് മണി.

പാലത്തിനടിയിൽ നിന്ന് പുറത്തു വന്ന അപ്പി, മൂരി നിവർത്തി.
ശംഭു ചെത്ത് കഴിഞ്ഞ് പോയിരിക്കുന്നു. അപ്പിക്ക് വല്ലാത്ത സന്തോഷം തോന്നി.
കെട്ട് വിട്ടിട്ടില്ല. നല്ല സുഖം.
അപ്പി തിരികെ വീട്ടിലേയ്ക്ക് നടന്നു.

നാളെ ശംഭുവിന് കൊടുക്കാൻ കാശ് വേണം. പ്രഭാത ഓട്ടത്തിന് പണച്ചിലവുണ്ട്. അപ്പി ചിന്തിച്ചു.

വീടെത്താറായപ്പോൾ അവൻ ഓടി.
ഉമ്മറത്തിരുന്ന് വികൃത ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന അപ്പന്റെ മുന്നിൽ ചെന്ന് നിന്ന് കിതച്ചു. അപ്പൻ ചിരിച്ചു.

അപ്പിയുടെ ഓട്ടമങ്ങനെ തുടർന്നു. ശംഭു ഷാപ്പിൽ കൊടുക്കേണ്ട കള്ളിന്റ അളവ് ദിവസേന കുറഞ്ഞു. ഷാപ്പുകാരൻ കള്ളിൽ വെള്ളം ചേർത്തു. നാട്ടിലെ ബുദ്ധിജീവികളുടെ ചിന്തയിൽ സ്ഖലനം കുറഞ്ഞു. അങ്ങനെ നാട്ടിൽ വിഷയദാരിദ്ര്യം കൊടുമ്പിരികൊണ്ടു.


എന്നാൽ, ദിവസങ്ങൾ കഴിഞ്ഞപ്പോൾ , നാട്ടിലെ രാഷ്ട്രീയ നിരീക്ഷകർ ഒരു കാര്യം ശ്രദ്ധിച്ചു.
ദിവസവും രണ്ട് മണിക്കൂർ ഓടുന്ന അപ്പിക്ക്, പക്ഷെ, തടി കൂടുന്നതല്ലാതെ കുറയുന്നില്ല.

അവർ അടിയന്തര യോഗം കൂടി , വിഷയം അപ്പിയുടെ അപ്പനെ അറിയിക്കാൻ തീരുമാനിച്ച് പ്രമേയം പാസ്സാക്കി.

പ്രമേയം വായിച്ചു നോക്കിയ അപ്പൻ, ആ സംശയം ശരിവച്ചു. ‘മേലിൽ വേണ്ട നടപടികൾ സ്വീകരിച്ചു കൊള്ളാം’ എന്ന ഉറപ്പിൽ നിരീക്ഷകർ പിരിഞ്ഞു പോയി.

ഇതൊന്നുമറിയാതെ അടുത്ത ദിവസവും അപ്പി ഉത്സാഹത്തോടെ തന്റെ പ്രഭാത ഓട്ടം ആരംഭിച്ചു.

ശംഭുവിന് കൊടുക്കാനുള്ള കാശ് പോക്കറ്റിലുണ്ട്. ആദ്യത്തെ കുടം തന്നെ കരസ്ഥമാക്കാനുള്ള ആവേശത്തിൽ അപ്പി, തന്റെ ഓട്ടത്തിന്റെ വേഗത കൂട്ടി.

കനാൽ റോഡിൽ എത്തിയപ്പോഴാണ് അപ്പി ഒരു വിചിത്രമായ കാര്യം ശ്രദ്ധിച്ചത്.

എന്നും വീട്ടിൽ നിന്നിറങ്ങിയാൽ കുറച്ചു ദൂരെ വരെ മാത്രം കേൾക്കാമായിരുന്ന അപ്പന്റെ വലിവിന്റെ  ശബ്ദം, ദാ ഈ കനാൽ റോഡിൽ എത്തിയിട്ടും മുഴങ്ങി കേൾക്കുന്നു !!!.

അപ്പി തന്റെ ഓട്ടത്തിന്റെ വേഗത കുറച്ചു. ചുറ്റുപാട് ഒന്ന് അവലോകനം ചെയ്തു. കാര്യം വ്യക്തമായി!.

അപ്പൻ തന്റെ പുറകേ ഉണ്ട്.
തന്റെ കള്ളത്തരം പൊളിക്കാനുള്ള  അപ്പന്റെ പൂഴിക്കടകൻ!

പക്ഷെ, ആന ചിന്നം വിളിക്കുന്നത് പോലെയുള്ള ആ വലിവിന്റെ കാര്യം മാത്രം അപ്പൻ ഓർത്തില്ല.

കാര്യങ്ങൾ വിലയിരുത്തി കൊണ്ട് അപ്പി മെല്ലെ ഓട്ടം തുടർന്നു.
അപ്പിയിലെ ബുദ്ധിരാക്ഷസൻ ഞെട്ടിയുണർന്നു.

ബുദ്ധിരാക്ഷസൻ അപ്പിയോട് പറഞ്ഞു.

‘താൻ രണ്ട് കുറ്റങ്ങൾ ചെയ്തിരിക്കുന്നു.
ഒന്ന് :  എന്നും വെളുപ്പിന് കള്ള് കുടിക്കുന്നു.
രണ്ട് : ഓടാതെ പാലത്തിന്റെ അടിയിൽ കിടന്ന് ഉറങ്ങുന്നു.’

അപ്പി കുറ്റങ്ങൾ തലകുലുക്കി സമ്മതിച്ചു.

ബുദ്ധിരാക്ഷസൻ തുടർന്നു.

‘അങ്ങനെയെങ്കിൽ, ഇതിലെ താരതമ്യേന  ചെറിയ കുറ്റം മാത്രം സമ്മതിച്ച് വലിയ കുറ്റത്തെ കുഴിച്ചുമൂടുക.’

ബുദ്ധി രാക്ഷസനോട് നന്ദി പറഞ്ഞ്, അപ്പി കനാലിലെ പാലം ലക്ഷ്യമാക്കി ഓടി.
പിന്നെ, പാലത്തിനടിയിൽ കയറി ഉറക്കം നടിച്ച് കിടന്നു.

തലതിരിഞ്ഞ മകന്റെ വലിയ കള്ളത്തരം കണ്ടു പിടിച്ച സന്തോഷത്തിൽ, അപ്പൻ പാലത്തിന് മുകളിൽ കയറി നിന്ന് എട്ടുദിക്കും നടുങ്ങുമാറ് അലറി. ദൂരദേശങ്ങളിൽ അത് വിചിത്ര ശബ്ദങ്ങളിൽ പ്രതിധ്വനിച്ചു. പാലത്തിനടിയിൽ നിന്ന് വലിച്ചിറക്കിയ അപ്പിയെ ശേഷം, കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി വീട്ടിലേയ്ക്ക് നടത്തിച്ചു.

തെങ്ങിന്റെ മുകളിൽ ഇരുന്ന് ഇതെല്ലാം വീക്ഷിക്കുകയായിരുന്ന ശംഭു, അപ്പിക്കായി കരുതി വെച്ച കള്ളുകുടം നിലത്തെറിഞ്ഞ് പൊട്ടിച്ചു., പിന്നെ, തെങ്ങിന്റെ മാറിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു.

ശുഭം

13 replies on “അപ്പിയുടെ സുന്ദര സുപ്രഭാതങ്ങൾ!”

പാവം അപ്പിയെ ഉറങ്ങാനും സമ്മതിക്കില്ലേ !
PS: Love the artwork in all the stories

കഥകൾ കുറച്ചു റൊമാന്റിക് ആക്കാൻ പറ്റുമോ.. എന്റെ പ്രായത്തിന് ഇപ്പോ റൊമാൻസ് ആണ് ശീലം 😄😄

എന്നാ ഫീൽ ആയിരിക്കും രാവിലത്തെ തണുപ്പും ആ ചെത്തുക്കള്ളും… ന്നാലും പാവം ശംബുവിന്റെ അവസ്ഥ. ഇനിയും അപ്പി ഓട്ടം തുടരുമോ

അപ്പിക്ക് ഓസ്‌ക്കാർ കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്

Leave a Reply

Your email address will not be published. Required fields are marked *