പണക്കാരനായ അമ്മാച്ചനോട് അപ്പിക്ക് അടങ്ങാത്ത കലിയാണ്. മൊറപ്പെണ്ണിനെ തനിക്ക് തരാതെ പട്ടണത്തിലെ സർക്കാർ ഗുമസ്തന് കെട്ടിച്ചു കൊടുത്ത അന്ന് തുടങ്ങിയ കലി !.
തന്നെക്കാൾ ആ കെഴങ്ങന് എന്താണ് മെച്ചമെന്ന് എത്ര ആലോചിച്ചിട്ടും അപ്പിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.
മുന്നിലെ നാല് പല്ല് തള്ളി നിൽക്കുന്നതൊഴിച്ചാൽ, തനിക്ക് സൗന്ദര്യം ഇല്ലേ?
8 സെന്റിന്റെ ജന്മിയല്ലേ താൻ?
ഏതൊരു പെണ്ണിനെ കണ്ടാലും താനേ ഉദ്ധരിക്കുന്ന ലിംഗം, പുരുഷ ലക്ഷണമാണെന്ന് മച്ചമ്പി തന്നെ കവലയിൽ വച്ച് പരസ്യമായി സാക്ഷ്യപ്പെടുത്തിയതല്ലേ?
ഇതൊന്നും പോരാഞ്ഞ്, അമ്മാച്ചന്റെ കൈയ്യിൽ ഇട്ടു മൂടാനുള്ള സ്വത്തില്ലേ? അത് കൊണ്ട് തങ്ങൾക്ക് സുഖമായി കഴിഞ്ഞൂടേ?
ഇതിൽ കൂടുതൽ അവൾക്ക് എന്തായിരുന്നു വേണ്ടിയിരുന്നത്?
അനുഭവ യോഗമില്ലാത്തവൾ!
അപ്പോഴും അമ്മാച്ചനോട് ക്ഷമിക്കാൻ അപ്പി തയ്യാറല്ലായിരുന്നു. പ്രതികാരം ചെയ്യാൻ തന്നെ ആ തന്റേടി തീരുമാനിച്ചു.
അമ്മാച്ചനെ തകർക്കാൻ പല വഴികൾ ആലോചിച്ചു . ഒടുവിൽ ഒരു വഴി കണ്ടെത്തി. മച്ചമ്പിയോട് പോലും പറയാതെ, അത് നടപ്പിലാക്കാൻ അപ്പി തീരുമാനിച്ചു.
അതിന് വേണ്ടി അടുത്ത അമാവാസി വരെ അപ്പി കാത്തിരുന്നു. ദിവസവും മുടങ്ങാതെ പൂജകൾ ചെയ്തു.
ഒടുവിൽ ആ ദിവസം വന്നെത്തി.
രാത്രിയിൽ, ആലയിൽ പ്രത്യേകം പറഞ്ഞ് തയ്യാറാക്കിച്ച കൂടവും എടുത്ത് അപ്പി ഇരുളിന്റെ മറവിൽ അമ്മാച്ചന്റെ വീടിനടുത്തുള്ള കുളത്തിനടുത്തെത്തി. ഈ കുളത്തിൽ നിന്നാണ് അമ്മാച്ചന്റെ വയലിലേക്കുള്ള വെള്ളം പോകുന്നത്. അത് നിന്നാൽ, കുളത്തിലെ വെള്ളം വറ്റിയാൽ, കൃഷി നശിക്കും, അമ്മാച്ചൻ കുത്തുപാള എടുക്കും.
കുളക്കരയിൽ അപ്പി ഒരു ഹോമകുണ്ഠം ഒരുക്കി. കൂടം ആ തീയിലിട്ട് പഴുപ്പിച്ചു. ശേഷം, ചുട്ടുപഴുത്ത ആ കൂടം കുളത്തിലേയ്ക്ക് വലിച്ചെറിഞ്ഞു.
കൂടത്തിന്റെ ചൂടിൽ വെള്ളം തിളച്ച്, കുളം വറ്റുന്നത് കാണാൻ അപ്പി നിന്നില്ല. തൽക്കാലം മാറി നിൽക്കുന്നതാണ് ബുദ്ധിയെന്ന് തിരിച്ചറിഞ്ഞ അപ്പി, ഇരുളിന്റെ മറവിൽ മറ്റൊരു ദേശത്തേക്ക് കുതിച്ച് പാഞ്ഞു.
**********