കോടതിയിലും പരിസരത്തും അന്ന് അസാധാരണമായ തിരക്ക് അനുഭവപ്പെട്ടു. വക്കിലന്മാരും പത്രക്കാരും നാട്ടുകാരും എന്ന് വേണ്ട, മറ്റു കോടതികളിലെ ജഡ്ജിമാർ വരെ അവധിയെടുത്ത് ഇവിടെ എത്തിയിട്ടുണ്ട്.
“അപ്പിയെ ഇന്ന് കോടതിയിൽ ഹാജരാക്കുന്നു.. വധശിക്ഷയിൽ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.
ജഡ്ജി കോടതിയിലെത്തി. തിങ്ങി നിറഞ്ഞ കോടതി മുറി. അമർത്തി ഒരു വളി വിട്ടാൽ പോലും, അത്, സ്ഫോടനാത്മക രൂപം ഭാവിച്ചേക്കാവുന്ന വരണ്ട നിശബ്ദത .
കൈകാലുകളിൽ വിലങ്ങ് അണിയിച്ച്, അപ്പിയെ കോടതി മുറിക്കുള്ളിലേക്ക് കൊണ്ട് വരുന്നു. ചുറ്റിലും നടന്ന് വരുന്ന ആയുധധാരികളായ പോലീസുകാർ, പക്ഷെ, ഭയന്ന് വിളറിയിരുന്നു.
മാധ്യമ ക്യാമറകൾ ഒന്ന് രണ്ട് ഫ്ലാഷ് അടിച്ച് താനേ നിശബ്ദമായി.
എന്നാൽ അപ്പിയുടെ മുഖം ശാന്തമായി കാണപ്പെട്ടു. മുഖത്ത് ഒരു അലൗകീക മന്ദഹാസം കളിയാടിയിരുന്നു. വാരിക്കുന്തങ്ങൾ പോലെ പുറത്തേക്ക് തള്ളി നിന്ന പല്ലുകളെ ചുണ്ടുകൾ കൊണ്ട് പരമാവധി ഉള്ളിലാക്കി ഭീകരതയെ ഒന്ന് മയപ്പെടുത്താൻ ഒരു വിഫല ശ്രമം നടത്തി നോക്കി അപ്പി.
കോടതി മുറിയിലേക്ക് പ്രവേശിക്കുന്ന അപ്പിയെ കണ്ട് ജഡ്ജി അറിയാതെ എഴുന്നേറ്റ് പോയി. ഭയഭക്തിബഹുമാനം ആ മുഖദാവിൽ സീരിയൽ ലൈറ്റ് പോലെ മിന്നി മറഞ്ഞു കൊണ്ടിരുന്നു.
പ്രതിക്കൂട്ടിലേയ്ക്ക് ഖനഗംഭീരനായി അപ്പി കയറി നിന്നു. ഭഗവത് ഗീതയുമായി എഴുന്നേറ്റ ഉദ്ദ്യോഗസ്ഥനെ ഒരു നോട്ടം കൊണ്ട് അപ്പി ഇരുത്തിക്കളഞ്ഞു.
അപ്പി കോപാകുലനാകുമോ എന്ന് ഭയന്ന ജഡ്ജി ധ്യതിയിൽ, ‘അപ്പി അല്ലെങ്കിലും കള്ളം പറയില്ലാ’ എന്ന് കോടതി ഉദ്യോഗസ്ഥനെ ഓർമ്മിപ്പിച്ചു.
1618 പേജുകളുള്ള വിധിന്യായത്തിലെ പ്രസക്ത ഭാഗങ്ങൾ ഉറക്കെ വായിച്ച് കേൾപ്പിച്ചു.
ജനക്കൂട്ടം വ്യാകുലതയോടെ അപ്പിയുടെ മുഖത്തേക്ക് നോക്കി നിന്നു.
ശാന്തനായി നിന്ന് അപ്പി വിധിന്യായം കേട്ടു.
വിധിന്യായത്തിന്റെ ഭാരിച്ച കെട്ട്, ഒരു ഉദ്യോഗസ്ഥൻ താങ്ങിയെടുത്ത് അപ്പിയുടെ മുന്നിൽ കൊണ്ട് വച്ച്, ബഹുമാനപൂർവം വശത്തേക്ക് മാറി നിന്നു.
വിധിന്യായത്തിൽ ഒന്ന് കണ്ണോടിച്ച അപ്പി, സഗൗരവം അതിൽ ഒപ്പ് വച്ചു., പിന്നെ, ശിക്ഷ മാത്രം ഉറക്കെ പ്രഖ്യാപിച്ചു.
“ജഡ്ജിയെ മരണം വരെ തൂക്കിലേറ്റാൻ വിധിച്ചിരിക്കുന്നു.”
******************
2 replies on “അപ്പിയുടെ ന്യായവിധി!”
😂
🙏