Categories
അപ്പി കഥകൾ

അപ്പി പഠിച്ച സാമൂഹ്യ പാഠം!

കലുങ്കിൽ ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ടായി. കൊണ്ടു വന്ന ബാഗ് കലുങ്കിന്റെ പുറകിൽ തന്നെയുണ്ടെന്ന് അപ്പി പല തവണ ഉറപ്പ് വരുത്തി.

സുമതിപ്പെണ്ണ് അമ്പലത്തിൽ നിന്ന് ഏത് നിമിഷവും മടങ്ങിവരും. രാവിലെ സപ്താഹം വായനയ്ക്ക് അമ്മായിയേയും കൂട്ടി പോയതാണ്.

നല്ലൊരു കാര്യത്തിന് പോകുന്നതിന് മുൻപ്, ഒരു പകൽ മുഴുവൻ അമ്പലത്തിൽ കഴിയണമെന്നത്, അവളുടെ ആഗ്രഹമാണ്. അത് നടക്കട്ടെ. ദൈവാനുഗ്രഹം റൊമ്പ മുഖ്യം.!
വൈകിട്ട് ദീപാരാധനയും കഴിഞ്ഞേ വരൂ എന്ന് ശാന്തിക്കാരൻ പോറ്റി വഴി സീക്രട്ട് മെസ്സേജ് തന്നിരുന്നു.

ഇതിനിടയിൽ കളരിത്തറ പപ്പു ആശാൻ മൂന്ന് തവണ ഇതുവഴി കടന്നു പോയി. മൂന്നാമത്തെ തവണ പോയപ്പോൾ അങ്ങേരൊന്ന് ഇരുത്തി മൂളി.

‘നീയിവിടെ കുത്തിയിരിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടെടാ കള്ളപയലേ ….’

ഇതാണ് ആ പുണ്യപുരാതനമായ സിഗ്നലിന്റെ അർത്ഥം.
ഇനി ഇയാൾക്ക് വല്ലതും മനസ്സിലായാ? ഹേയ്! നെവർ !!.

അല്ല, ഇങ്ങേര് ഈ വയസ്സ് കാലത്ത് ഇത്ര ധ്യതി പിടിച്ച് ഇങ്ങനെ തെക്ക് വടക്ക് നടക്കുന്നത് എന്തിനായിരിക്കും?


അപ്പിയിലെ കുറ്റാന്വേഷകൻ ഉണർന്നു.
നാല് മണിക്ക് താനിവിടെ വന്നിരുന്നതാണ്. നാലേകാലിന് ഇയാള് തെക്കോട്ട് പോയി.. അഞ്ച് മണിക്ക് തിരികെ വടക്കോട്ട് പോയി..
അഞ്ചരയ്ക്ക് ഇതാ പിന്നേം തെക്കോട്ട്.
നാട്ടിൽ ഒരു ചൊല്ലുണ്ട്,
“നായ ഓടിയിട്ട് കാര്യവുമില്ല, നായയ്ക്ക് നിൽക്കാൻ നേരവുമില്ല”

ഇനി അതാണോ പപ്പു ആശാന്റെയും അവസ്ഥ?.

ഹേയ് !, അങ്ങനെ വരാൻ വഴിയില്ല. ആള് നായയല്ല, പുലിയാണ്. പഴയ കളരി. പ്രായം 65 കഴിഞ്ഞെങ്കിലും ഇപ്പോഴും നല്ല സ്റ്റാമിനയാണ്.
‘ഒന്നും കാണാതെ പട്ടര് പുഴയിൽ ചാടില്ല’ എന്ന് പറഞ്ഞത് പോലെ, ഒന്നും കാണാതെ ആശാൻ ഇങ്ങനെ നടക്കില്ല.
വടുവൂർകോണത്തെ തറവാടികൾ പോലും ബഹുമാനിക്കുന്ന ആളാണ് പപ്പു ആശാൻ.

ഇനി വരുകയാണെങ്കിൽ ഒന്ന് ചോദിച്ച് നോക്കിയാലോ?…
വേണ്ട. അങ്ങേര് വല്ല മർമ്മത്തിലും ഇട്ട് താങ്ങി തന്നാൽ പണി പാളും.
പിന്നെ സുമതിപ്പെണ്ണിനെ കെട്ടിയിട്ട് കിം ഫലം?

അല്ലെങ്കിൽ തന്നെ ഒന്ന് രണ്ട് ഇടി കൊള്ളാനുളളതാണ്. സുമതിപ്പെണ്ണിന്റെ മൂത്ത അണ്ണൻ ഒരു വെട്ടു പോത്താണ്. ശരിക്കും
ഘടോൽഘജൻ. അവൻ ഇടിക്കും, മൂന്നരത്തരം.
ബാക്കിയുള്ളവരെ പറഞ്ഞ് നിറുത്താം.

ഒന്നുമല്ലെങ്കിലും സുമതി എന്ന കിരിയത്ത് നായര് പെണ്ണ്, അപ്പി എന്ന ഇല്ലത്ത് നായരെ കെട്ടുന്നതിലൂടെ അവൾ അവളുടെ കുലമഹിമ ഒരു പടി ഉയർത്തുകയല്ലേ?
അതിലവർ സന്തോഷിക്കുകയല്ലേ വേണ്ടത്? അതെന്താ ആ ഘടോൽഘജൻ തെണ്ടിക്ക് മനസ്സിലാകാത്തത്?

അപ്പോഴാണ് അപ്പിക്ക് കാലബോധം വീണ്ട് കിട്ടിയത്. അവൻ വാച്ചിലേക്ക് നോക്കി. സമയം ആറ് ആകാറായി. ദീപാരാധന കഴിഞ്ഞു കാണും. സുമതിപ്പെണ്ണ് ഏത് നിമിഷവും എത്താം.

അവളുടെ അമ്മായി കൂടെയുണ്ടെങ്കിൽ പ്രശ്നമാണ്. ആ സ്ത്രീക്ക് എന്നെ കണ്ണെടുത്താൽ കണ്ടു കൂടാ. പണ്ടൊരിക്കൽ, അവർ ഊറ്റ് കുളത്തിൽ കുളിയ്ക്കുമ്പോൾ ഞാൻ ഒളിഞ്ഞു നോക്കിയത്രേ. കുളത്തിൽ തുണിയില്ലാതെ നിന്ന് കുളിച്ചാൽ പിന്നെ നോക്കാതെ!.
അതുമല്ല, ഒളിഞ്ഞ് നോക്കി എന്ന് പരാതി പറയാൻ കുളമെന്താ അവരുടെ കുളിമുറിയാണോ?.

കാര്യങ്ങളൊക്കെ വിചാരിച്ച പോലെ തന്നെ നടന്നാൽ രാത്രി തന്നെ നെയ്യാറ്റിൻകരയിലെ മച്ചമ്പിയുടെ വീട്ടിലെത്താം.
മച്ചമ്പി ആളൊരു തന്റേടിയാണ്. അവിടെ വന്ന് ആരും അലമ്പുണ്ടാക്കില്ല.
കല്യാണവും കഴിഞ്ഞ് രണ്ടാഴ്ച അവിടെ തന്നെ തങ്ങാം.
പിന്നെ, സുമതിപ്പെണ്ണിന്റെ കൈയ്യും പിടിച്ച് താനൊരു വരവുണ്ട്. അപ്പോഴും മച്ചമ്പിയെ കൂടെ കൂട്ടണം. ഘടോൽഘജനെ പിടിച്ച് നിർത്താൻ മച്ചമ്പി അനിവാര്യമത്രേ.

ദിവാകരൻ പടിഞ്ഞാറ്റെ സംബന്ധ വീട്ടിൽ എത്താറായി. ഇരുട്ട് വീണ് തുടങ്ങി.
തെക്കോട്ട് പോയ ആശാൻ അതാ നാലിരട്ടി വേഗത്തിൽ പാഞ്ഞ് വരുന്നു. ഇയാൾക്കെന്താ പ്രാന്തായോ? അപ്പി ശങ്കിച്ചു.

വന്ന വേഗത്തിൽ തന്നെ ആശാൻ അപ്പിയ്ക്കിട്ടൊന്ന് പൊട്ടിച്ചു. കലുങ്കിൽ നിന്ന് പുറകോട്ട് മറിഞ്ഞ അപ്പിയെ ആശാൻ ഷർട്ടിൽ പിടിച്ച് ഉയർത്തിയെടുത്തു.
“പറയെടാ അപ്പീ…, പെണ്ണെവിടെടാ?”

അടി മർമ്മത്തിൽ കൊണ്ടതു കൊണ്ടാണോ എന്നറിയില്ല, അപ്പി വെറുതേ ചിരിച്ചു.
ഒന്നും കൂടെ കിട്ടി!
ഇപ്പൊ അപ്പിക്ക് വേദനിച്ചു.. കാര്യവും മനസ്സിലായി.
അപ്പി കരയാൻ തുടങ്ങി.
” ഏത് പെണ്ണ് ആശാനേ..?”

“സുമതിപ്പെണ്ണ് … അവളെവിടെയെന്ന്… ?”

“അമ്പലത്തിൽ പോയേക്കണ്.. ഇപ്പ വരും..” അപ്പി പറഞ്ഞൊപ്പിച്ചു.

“കള്ളത്തരം പറയണാ അഴിക്ക പയലേ..”
ഒന്ന് കൂടെ കിട്ടി. സബാഷ് ! അപ്പി മലർന്നടിച്ച് നിലത്ത് വീണു.

വേദന കാരണം മൂത്രം പോയ അപ്പിയ്ക്ക് കലിയിളകി. അവൻ ചോദിച്ചു.
“സുമതീടെ കാര്യം ചോദിക്കാൻ താനാര് കൂവാ? അവൾടെ തന്തയാ?”

മീശ പിരിച്ചു കൊണ്ട്, ആശാന്റെ മാസ്സ് ഡയലോഗ്.
” നീ അവളേയും കൊണ്ട് ഓടാമ്പോണെന്നൊക്കെ നമ്മളറിഞ്ഞു… നിങ്ങളെ കൈയ്യോടെ പിടിക്കാൻ എന്നെ ചട്ടം കെട്ടിയത് അവൾടെ തന്ത്യാൻ തന്നെടേയ്…”

ഓഹോ, അപ്പൊ അതിനാണ് ഇയാള് വൈകിട്ട് മൊതല് തെക്ക് വടക്ക് നടന്നത്.
കലുങ്കിന്റെ പുറകിൽ വച്ചിരുന്ന ബാഗ് പുറത്തെടുത്ത്, അതിലെ തുണികളെല്ലാം ആശാൻ വാരിവലിച്ച് പുറത്തിട്ടു. കല്യാണ ചെലവിന് വച്ചിരുന്ന പതിനായിരം രൂപ ആ സാമദ്രോഹി എടുത്ത് അരയിൽ തിരുകി.

അപ്പി പ്രതിരോധിച്ചില്ല. എല്ലാം കണ്ടങ്ങനെ കിടന്നു. വെറുതേ എണ്ണീറ്റ് ചെന്ന് അടി കൊള്ളാൻ വയ്യ.
സുമതിപ്പെണ്ണിന്റെ കൂടെ സന്തുഷ്ടമായൊരു കുടുബ ജീവിതം നയിക്കാനുള്ളതാണ്.

പെട്ടന്നാണ്, ഇരുട്ടത്ത് നിന്നൊരു പെൺ നിലവിളി!
” അയ്യോ…. പോയാശാനേ..”

അപ്പിയും ആശാനും ഞെട്ടി അങ്ങോട്ട് നോക്കി.
സുമതിപ്പെണ്ണിന്റെ അമ്മായിയാണ്. ഓട്ടത്തിന് വേഗം കിട്ടാൻ സാരിയും പൊക്കിപിടിച്ച്, നൂറേ നൂറിൽ പാഞ്ഞ് വരുകയാണ്.

” പോയാശാനേ.. പെണ്ണ് പോയി…”

പൊട്ടിച്ചിരിച്ച് കൊണ്ട് ആശാൻ ആക്രോശിച്ചു
“എവിടെ പോവാൻ? ചെറുക്കൽ ദേ, എന്റെ കാലിന്റെ അടിയിൽ കെടപ്പൊണ്ട് “

വെളിച്ചം കുറവായത് കൊണ്ട് മുഖം വ്യക്തമായി കാണാൻ അമ്മായി കുനിഞ്ഞ് അപ്പിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.

അപ്പി, അവരെ നോക്കി വെളുക്കനെ ചിരിച്ചു.

അമ്മായി ഞെട്ടി പുറകോട്ട് മാറി.
ആശാൻ ഞെട്ടി, പിന്നെ ചോദിച്ചു.
“എന്ത് പറ്റി?”

അമ്മായി കോപവും പുശ്ചവും കലർന്ന ഭാവത്തിൽ അലറിക്കൊണ്ട് പറഞ്ഞു
“അയ്യേ ….., ഈ കാപെറക്കി അല്ല!.”

…….. പിന്നെ???

” അവളോടിയത് ആ അമ്പലത്തിലെ ശാന്തിക്കാരൻ പോറ്റിയുടെ കൂടെയാണ്….”

പിന്നെ സംഭവിച്ചതെല്ലാം സ്വാഭാവികമായ കാര്യങ്ങളായിരുന്നു.

  1. അപ്പിയുടെ കണ്ണിൽ ഇരുട്ട് കയറി!
  2. ആകാശത്ത് വെള്ളിടി വെട്ടി!
  3. ഭൂമി പിളർന്നു!
  4. അണ്ടകടാഹം പൊട്ടിത്തെറിച്ച് പണ്ടാരമടങ്ങി!

ആ കിടപ്പിൽ കിടന്ന് തന്നെ അപ്പി ചില സാമൂഹിക സത്യങ്ങൾ അവലോകനം ചെയ്തു.

സുമതിപ്പെണ്ണിന് അവളുടെ കുടുംബത്തോടുള്ള കരുതലും സ്നേഹവും അതിനായി അവൾ ചെയ്ത ത്യാഗവും അപ്പി തിരിച്ചറിയുകയായിരുന്നു..

അവളെ കെട്ടി, അതിലൂടെ അവളുടെ കുലമഹിമ ഒരു പടി ഉയർത്താൻ താൻ ആഗ്രഹിച്ചപ്പോൾ, അവൾ ഒരു പട്ടരെ തന്നെ കെട്ടി.
കുലമഹിമ ഇപ്പൊ, ഒരു രണ്ട് രണ്ടര പടി ഉയർന്ന് കാണും.

ഇല്ലം ഇല്ലാത്ത ഇല്ലത്ത് നായരെക്കാളും എന്തുകൊണ്ടും മുകളിൽ തന്നെയാണല്ലോ ഇല്ലം മാത്രമുള്ള പട്ടര്!.

**********


15 replies on “അപ്പി പഠിച്ച സാമൂഹ്യ പാഠം!”

അപ്പി അടിയും കൊണ്ട് പുളിയും കുടിച്ചത് മിച്ചം. കക്ഷത്തിരുന്ന പൈസയും പോയി ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല എന്നു പറഞ്ഞത് പോലെയായി.

Leave a Reply

Your email address will not be published. Required fields are marked *