രാത്രി. മുറിയിലെ ലൈറ്റ് ഒന്ന് അണഞ്ഞ് കത്തി.
മുറിക്കുള്ളിൽ അരണ്ട വെളിച്ചത്തിൽ തറയിൽ ഇരിക്കുന്ന മൂന്ന് ചെറുപ്പക്കാർ. പ്രായം ഇരുപതിനും ഇരുപത്തഞ്ചിനും ഇടയിൽ.
ഒരാൾ ചുമരിൽ ചാരിയും, മറ്റു രണ്ടു പേർ വശങ്ങളിലുമായി അടുപ്പ് കല്ല് കൂട്ടിയ പോലെ ഇരിക്കുന്നു.
മുന്നിൽ ഒരു മദ്യകുപ്പിയും മൂന്ന് ഗ്ലാസ്സുകളും.
അവരുടെ നടുവിലായി ഒരു ഓജോ ബോർഡ്. അതിന് വശങ്ങളിലായി നാല് മെഴുകുതിരികൾ.
അവരുടെ ഒരു വശത്തായി ശബ്ദമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന TV.
മൂന്ന് പേരുടേയും മുഖത്ത് പിരിമുറുക്കം.
ഒന്നാമൻ കോയിനിൽ ചൂണ്ട് വിരൽ അമർത്തുന്നു. രണ്ടാമൻ്റെ മുഖത്തൊരു കള്ള ചിരി. അവൻ പെട്ടെന്ന് ആ ചിരി മറയ്ക്കുന്നു.
ഒന്നാമൻ : “എന്റെ കാമുകിയുടെ പേര് എന്ത്?”
രണ്ടാമന്റെ മുഖത്ത് വീണ്ടും ചിരി.
മൂന്നാമന്റെ മുഖം നിർവ്വികാരമാണ്. അവൻ തന്റെ ഗ്ലാസ്സെടുത്ത് അൽപ്പം മദ്യം നുണയുന്നു.
കോയിൻ നീങ്ങി തുടങ്ങുന്നു.
“T….. E….. S…… S…… Y.”
രണ്ടാമൻ : “ഹോ!, ഭയങ്കരം തന്നെ!. നീ ഏത് ആത്മാവിനോടാണ് ചോദിച്ചത്?”
ഒന്നാമൻ : ” അതൊരു മുത്തിയാ . പറഞ്ഞാൽ പറഞ്ഞതാ..”
ചിരിക്കുന്ന രണ്ടാമൻ.
ഒന്നാമൻ മൂന്നാമനോട് : “ഇനി നീ നോക്ക് “
മൂന്നാമൻ നീരസത്തോടെ : “ഒന്ന് പോടേയ്, വെറുതെ … നിനക്കൊന്നും വേറൊരു പണിയും ഇല്ലേ?”
ധൃതിയിൽ കോയിൻ എടുത്തു കൊണ്ട് രണ്ടാമൻ : ” നീ പോടേയ്, ഇനി ഞാൻ നോക്കട്ടെ”
രണ്ടാമൻ : ” എന്റെ ഭാര്യയുടെ പേരെന്ത്?”
വായിലേക്കൊഴിച്ച മദ്യം പെട്ടെന്ന് കുടിച്ച്, ചിരി അടക്കാൻ പാടുപെടുന്ന ഒന്നാമൻ.
ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ ഫോണിൽ നോക്കിയിരിക്കുന്ന മൂന്നാമൻ.
രണ്ടാമൻ കോയിൻ നീക്കുന്നു.
“R…. E….. M…..A”
സന്തോഷം അഭിനയിച്ച് ചിരിക്കുന്ന രണ്ടാമൻ. പിന്നെ, തന്റെ ഗ്ലാസ്സിലെ മദ്യം എടുത്ത് കുടിക്കുന്നു.
പിന്നെ, അവർ രണ്ടു പേരും മൂന്നാമന് നേരെ തിരിയുന്നു.
ഒന്നാമൻ : “Now its your turn”
തന്റെ ഫോണിൽ നോക്കിക്കൊണ്ട് മൂന്നാമൻ : “ഒന്ന് പോടേയ്, എനിക്കെങ്ങും വയ്യ.. പാതിരാത്രി നിന്റെയൊക്കെ ഓരോ കിറുക്ക് …”
ദേഷ്യത്തിൽ രണ്ടാമൻ : “കിറുക്കാ? ആർക്കാടാ കിറുക്ക്?”
ഒന്നാമൻ : ” ഹാ! വിട്, അവൻ കളിക്കട്ടെ..”
ദേഷ്യത്തിൽ മൂന്നാമൻ : “ഞാനൊന്നുമില്ല”
മദ്യം വീണ്ടും അകത്താക്കി തറയിൽ കിടന്ന കത്തിയെടുത്ത് വീശിക്കൊണ്ട് രണ്ടാമൻ : “കളിക്ക് മൈരേ..”
ഒന്നാമന്റെ ശബ്ദം : ” അവൻ കളിച്ചോളും. നീ ഒന്ന് അടങ്ങ് “
കോയിനിൽ വിരൽ അമർത്തി കൊണ്ട് മൂന്നാമൻ : “എന്റെ മരണം എന്നാണ്?”
കോയിൻ നീങ്ങുന്നു : “Today “
ഞെട്ടുന്ന ഒന്നാമനും രണ്ടാമനും
മൂന്നാമന്റെ ചോദ്യം : “എങ്ങനെ ?”
കോയിൽ നീങ്ങുന്നു : “Murder”
ഞെട്ടി വിറയ്ക്കുന്ന ഒന്നാമനും രണ്ടാമനും.
മൂന്നാമന്റെ ചോദ്യം : ” ആര്?”
കോയിൻ രണ്ടാമന് നേരെ നീങ്ങുന്നു.
മുറിയിലെ ലൈറ്റ് വീണ്ടും ഒന്നണഞ്ഞ് കത്തുന്നു.
ചുമരിൽ ചാരി മരിച്ചിരിക്കുന്ന മൂന്നാമൻ .
കഴുത്ത് മുറിഞ്ഞ് തല തൂങ്ങിക്കിടക്കുന്നു.
കഴുത്തിൽ കൂടെ രക്തം ചീറ്റിക്കൊണ്ടിരിക്കുന്നു.
ഞെട്ടി വിറച്ച് പിന്നോക്കം മാറിയിരിക്കുന്ന ഒന്നാമനും രണ്ടാമനും.
രണ്ടാമന്റെ കൈയ്യിൽ രക്തം പുരണ്ട കത്തി ഇരുന്ന് വിറയ്ക്കുന്നു.
***********