Categories
അപ്പി കഥകൾ

മിസ്റ്റർ കാലൻ!

നിന്നെ കാണാൻ മിസ്റ്റർ കാലൻ വന്നിട്ടുണ്ട്….”

അപ്പിയെ ഉറക്ക പായയിൽ നിന്ന് വിളിച്ചുണർത്തി മച്ചമ്പിയാണ് വിവരം പറഞ്ഞത്.
അപ്പിയൊന്ന് ഞെട്ടി. കണ്ണും തള്ളി മച്ചമ്പിയെ നോക്കി. അവിടെ പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നും കാണാനില്ല.

“മുറ്റത്ത് നിൽപ്പുണ്ട്. നീ വേഗം പുറത്തേക്ക് ചെല്ല്…” മച്ചമ്പി അപ്പിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

അപ്പി ഉടുമുണ്ടും വാരിയുടുത്ത് കട്ടിലിൽ നിന്ന് നിലത്തോട്ട് ചാടി. പിന്നെ മെല്ലെ ജനാലയിലൂടെ പുറത്തേക്ക് നോക്കി.

“ഓ, മൈ ഗോഡ്”

മുറ്റത്തെ മാവിൽ പോത്തിനെ കെട്ടുകയാണ് മിസ്റ്റർ കാലൻ.

അപ്പി കാലനെ സൂക്ഷിച്ച് നോക്കി.
പഴയ കഥകളിലും സിനിമയിലും കണ്ട് പരിചയിച്ച ടൈപ്പ് കാലനല്ല.
കൊമ്പൻ മീശയില്ല, കുടവയറില്ല. കൊമ്പ് വച്ച കിരീടമില്ല.
ഇതേതാണ്ട് അമരേന്ദ്ര ബാഹുബലിയെ പോലൊരു സുന്ദരൻ കാലൻ.
എന്നാൽ, പോത്ത് പഴയ പോത്ത് തന്നെ. കൈയ്യിൽ കയറും ഉണ്ട്.

മച്ചമ്പി മെല്ലെ അപ്പിയെ തോണ്ടി വിളിച്ചു.
അപ്പി ആ നിർവ്വികാര മുഖത്തേക്ക്, മറ്റൊരു നിർവ്വികാരതയോടെ നോക്കി.

മച്ചമ്പി മൊഴിഞ്ഞു : ” ലുക്ക് അപ്പീ…, ഇന്ന് വരെ ഈ തറവാട്ടിൽ കാലൻ കയറിയിട്ടില്ല. അതിനാരും അവസരവും ഉണ്ടാക്കിയില്ല. നീയായിട്ട് അത് ചെയ്ത് ഈ തറവാടിന്റെ മാനം കളയരുത്. അയാൾ ഇങ്ങോട്ട് വരും മുമ്പ് നീ വേഗം അങ്ങോട്ട് ചെല്ല്. പ്ലീസ്സ്…”

ഇതും പറഞ്ഞ് മച്ചമ്പി മുറിയിൽ നിന്ന് ഇറങ്ങി പോയി.

അപ്പിയുടെ കണ്ണുകൾ നിറഞ്ഞു.
വിഷമം കൊണ്ടല്ല, മറിച്ച്, രണ്ട് മുറിയും ഒരു വരാന്തയും അടുക്കളയും ഉള്ള ഈ വീടിനെ മച്ചമ്പി ഒരു തറവാടായി അംഗീകരിച്ചതിലെ സന്തോഷം കൊണ്ട്.

വാതിൽക്കൽ വീണ്ടും മച്ചമ്പിയുടെ തല പ്രത്യക്ഷപെട്ടു.

“നിന്റെ കൈയ്യിൽ കാഷ് വല്ലതും ഒണ്ടാ?”

“എന്തിന്? പോകാനാ?”

“അല്ലാ, പോയിക്കഴിഞ്ഞിട്ട് ഇവിടെ…..”

അപ്പി മച്ചമ്പിയെ രൂക്ഷമായി നോക്കി.
മച്ചമ്പിയുടെ തല പുറത്തേക്ക് വലിഞ്ഞു.

അപ്പി തന്റെ മുറിയാകെ ഒന്ന് നോക്കി.
തന്റെ കീറിയ പായയും, പഞ്ഞി പുറത്തേക്ക് തളളിയ തലയിണയും നോക്കി. കഴിഞ്ഞയാഴ്ച നൂറ്റമ്പത് രൂപ കൊടുത്ത് വാങ്ങിയ ഷർട്ടിനെ വെറുതേ കൈ കൊണ്ട് തിരുമ്മി.
‘സച്ച് എ വേസ്റ്റ് ഓഫ് മണി…’
അപ്പിയുടെ മനസ്സിൽ മെല്ലെ നൊമ്പരം നാമ്പിട്ടു.

അലമാരയിൽ ഇരുന്ന തന്റെ പേഴ്സ് മെല്ലെ തുറന്നു. അതിനുള്ളിലിരുന്ന ലോട്ടറി ടിക്കറ്റ് പുറത്തെടുത്തു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്.
എന്തു കാര്യം … നോ യൂസ്..

അപ്പി ആ ടിക്കറ്റ് വലിച്ചു കീറി മുറിയിലാകെ വിതറി.
പേഴ്സിൽ ബാക്കിയുള്ളത് നൂറ്റിയമ്പത് രൂപയാണ്. അതിനെ കീറാതെ തന്നെ വച്ചു.
പന്നതെണ്ടിയാണെങ്കിലും മച്ചമ്പി പാവമാണ്. നൂറ്റിയമ്പതെങ്കിൽ നൂറ്റിയമ്പത്. ഇരിക്കട്ടെ.

വീണ്ടും ജനാലയിലൂടെ മാവിൻ ചുവട്ടിലേയ്ക്ക് നോക്കി. മിസ്റ്റർ കാലൻ അവിടെ നിന്ന് തന്നെ നോക്കി ചിരിക്കുകയാണ്. മനോഹരമായ ചിരി.

അപ്പി മെല്ലെ ജനാലയ്ക്ക് അരുകിലേയ്ക്ക് നീങ്ങി, കാലനോട് വിളിച്ച് ചോദിച്ചു.

“എപ്പഴാ സമയം?”

” കൂടിപ്പോയാൽ ഒരു പതിനഞ്ച് മിനിറ്റ്. അതിനപ്പുറം പോകാൻ പറ്റില്ല.”
കാലൻ ചിരി മാറ്റി ഗൗരവത്തിൽ പറഞ്ഞു.

അവിടെ ത്തന്നെ നിൽക്കാൻ കാലനോട് കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ട് അപ്പി വേഗം കട്ടിലിൽ വന്നിരുന്നു.

രാവിലെ ഒരു കട്ടൻചായ പോലും കുടിച്ചിട്ടില്ല. വെറും വയറോടെ എങ്ങനെ പോകും? തനിക്കാണെങ്കിൽ വയറ്റിൽ അൾസർ ഉള്ളതാ..

മച്ചമ്പി വീണ്ടും തല നീട്ടി.

” പോണില്ലേ…”

” ഒരു ചായ കിട്ടിയിരുന്നെങ്കിൽ …”

” ഇന്നിനി ഈ വീട്ടിൽ അടുപ്പ് കത്തിക്കണത് ശരിയാണാ അപ്പീ..?”

അപ്പി അതിന് മറുപടി പറയാൻ പോയില്ല.

ഒരു അഞ്ച് മിനിറ്റ് കൂടെ വെറുതേ അങ്ങനെയിരുന്നു കാണും.

പുറത്ത് സംസാരങ്ങൾ കേട്ടു തുടങ്ങി.
വിവരം അറിഞ്ഞ് അയൽപക്കക്കാരൊക്കെ എത്തുന്നതാണ്.

അപ്പി ജനാലയിലൂടെ വീണ്ടും ഒന്ന് എത്തിനോക്കി.
അതെ, ആൾക്കാർ എത്തിത്തുടങ്ങി.
ചില കാർന്നോന്മാർ കാലന് ചുറ്റും കൂടി കുശല സംഭാഷണത്തിൽ ഏർപ്പെടുന്നുണ്ട്.
അവരവരുടെ ഡേറ്റ് അറിയാൻ വേണ്ടിയായിരിക്കും.

ജനാലയ്ക്കരുകിൽ ആരോ ഒന്ന് മുരണ്ടു.
കരയോഗം പ്രസിഡന്റാണ്.

“നീയിതുവരെ റെഡിയായില്ലേ? നമ്മളിവിടെ ഏർപ്പാടുകള് തൊടങ്ങി..”

“ഞാനിതാ ഇറങ്ങി.” അപ്പി വേഗത്തിൽ പറഞ്ഞു.

പ്രസിഡന്റ് വിടാൻ ഭാവമില്ല.

“ഇങ്ങനെയാണാ പോണത്? നീയാ ഷർട്ട് മാറ്റി, നല്ലതു വല്ലതും എടുത്ത് ഇടെടേയ്…”

അപ്പി ഷർട്ട് മാറി. പുതിയത് തന്നെ ഇട്ടു.

“അല്ലെടേയ് അപ്പീ… ഈ മാസത്തെ വരിപ്പണം കിട്ടിയില്ല….”
പ്രസിഡന്റ് തല ചൊറിഞ്ഞു.

കാലൻ എത്തിയപ്പോൾ തന്നെ കരയോഗത്തിൽ അറിയിച്ച മച്ചമ്പിക്ക് നല്ല നമസ്ക്കാരം.
പേഴ്സിൽ നിന്ന് നൂറ് രൂപയെടുത്ത് ജനലിലൂടെ പുറത്തേക്ക് വീശിയെറിഞ്ഞു. പ്രസിഡന്റ് അതിന്റെ പുറകേ ഓടി.

ഇനിയും ഇങ്ങനെയിരുന്ന് എല്ലാരേയും മുഷിപ്പിക്കുന്നതിൽ അർത്ഥമില്ല. അവർക്കും മറ്റ് തിരക്കുകൾ ഉള്ളതല്ലേ.

അപ്പി മുറിയിൽ നിന്ന് പുറത്തിറങ്ങി.

അടുത്ത വീട്ടിലെ 102 വയസ്സായ നാണിത്തള്ളയെ ആരോ വരാന്തയിൽ കൊണ്ടിരുത്തിയിട്ടുണ്ട്.
കണ്ണും കാണില്ല ചെവിയും കേൾക്കില്ല. പക്ഷെ എന്താ, ജീവൻ കെടപ്പുണ്ട്. അതിന്റെ അഹങ്കാരവും മുഖത്തുണ്ട്.

“അപ്പിയാണോടാ?”
നാണിത്തള്ള മൂക്ക് തുറന്ന് മണം പിടിച്ചു കൊണ്ട് ചോദിച്ചു.
അപ്പി മറുപടി നൽകാതെ നിശബ്ദമായി മുറ്റത്തേക്കിറങ്ങി.

പന്തലിടാനുള്ള ടാർപ്പായും കസേരകളും എത്തി. കരയോഗം നല്ല ഉഷാറിലാണ്.
മുറ്റത്ത് ഒരു പത്ത് ഇരുപത് പേര് കൂടിയിട്ടുണ്ട്. പരിചയക്കാരെല്ലാം അപ്പിയെ കൈ വീശി ക്കാണിച്ചു. അവർക്കിടയിലൂടെ കാലൻ സന്തോഷത്തോടെ അപ്പിയെ എത്തിനോക്കി. പോകാൻ ധൃതിയുണ്ടാകും.

കരയോഗം പ്രസിഡന്റ് അപ്പിയെ മാറ്റി നിർത്തി ചോദിച്ചു.
“അല്ലടേയ് അപ്പീ… ഇനിയിപ്പൊ ഈ വീടും പൊരയിടവും ഒക്കെ….?”

അപ്പി അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല. ഇനിയിപ്പൊ എന്തെങ്കിലും ആകട്ടെ. തനിക്കെന്ത്?

പ്രസിഡന്റ് വിടാൻ ഭാവമില്ല.

“നീ പോണ സ്ഥിതിക്ക് ഇനിയിപ്പ ഇതെല്ലാം നിന്റെ ആ മച്ചമ്പിക്ക് തന്നെ, അല്ലേ?”

“അതാണല്ലോ പ്രസിഡന്റേ… അതിന്റെയൊരു നാട്ട് നടപ്പ്. “
അപ്പി പറഞ്ഞു.

“നാട്ടു നടപ്പൊക്കെ ശരി തന്നെടേയ്. പക്ഷെ, നിന്റെയീ മച്ചമ്പിയൊണ്ടല്ലാ.. വെറും പന്ന മൈ…..”

കാലൻ കേൾക്കാതിരിക്കാൻ പ്രസിഡന്റ് പെട്ടന്ന് സ്വന്തം വായ പൊത്തി. ഒന്നുമല്ലെങ്കിലും പറഞ്ഞു വരുമ്പോൾ ഒരു ദൈവമല്ലേ.. അങ്ങേരുടെ മുന്നിൽ നിന്ന് തെറി പറയുന്നത് മോശമല്ലേ.

പ്രസിഡന്റ് ശബ്ദം താഴ്ത്തി അപ്പിയോട് ചേദിച്ചു.
“നിന്റെ അച്ഛൻ ചത്തതെങ്ങനെയാണെന്ന് നെനക്ക് ഓർമ്മയൊണ്ടാ?”

അപ്പിയുടെ മുഖം ചുവന്നു.
ചാരം മൂടി കിടന്ന കനലിലേയ്ക്ക് പ്രസിഡന്റ് മെല്ലെ കാറ്റ് ഊതി കൊടുത്തു.

“അന്ന് ജാമ്യത്തിന് കെട്ടിവയ്ക്കാൻ പയിനായിരം രൂപ നിന്റെയീ മച്ചമ്പി വിചാരിച്ചാൽ പുല്ല് പോലെ സാധിക്കുമായിരുന്നില്ലേ? പക്ഷെ, കൊടുത്തില്ല. ആ വെഷമത്തിൽ ജയിലിൽ കെടന്ന് ചങ്ക് പൊട്ടിയല്ലേ നിന്റെ അച്ഛൻ ചത്തത് ? ഒന്നുമല്ലെങ്കിലും അറിയപ്പെടുന്ന ഒരു തസ്കരനായിരുന്നില്ലേ അദ്ദേഹം?
നീ അതൊക്കെ മറന്നാ?”

കനൽ കത്തിത്തുടങ്ങി.

” ഞാനതൊക്കെ മറക്കാൻ ശ്രമിക്കുകയായിരുന്നു പ്രസിഡന്റേ..”

“മറക്കരുത്”
പ്രസിഡന്റ് ചെവിയിൽ പറഞ്ഞു.

മച്ചമ്പി മുറ്റത്തേക്ക് ഇറങ്ങി വന്നു.

“നിന്ന് താളം ചവിട്ടാതെ ഒന്ന് പേടേയ് അപ്പീ… മിസ്റ്റർ കാലന് പോയിട്ട് വേറെയും കാര്യങ്ങള് കാണും..”

അപ്പിക്ക് കലിയിളകി.
എന്നെ പറഞ്ഞയയ്ക്കാൻ നാറിയ്ക്ക് എന്താ ഒരു ധൃതി. അങ്ങനെ എന്റെ കട്ടിലിൽ കിടന്ന് ഉറങ്ങാമെന്ന് നീ സ്വപ്നം കാണെണ്ടെടാ ബ്ലഡി മച്ചമ്പീ….

അവൻ മിസ്റ്റർ കാലനെ നോക്കി.
കാലൻ, മിസ്റ്റർ കൂൾ ആയി നിൽക്കുകയാണ്. പറഞ്ഞ പതിനഞ്ച് മിനിറ്റ് ആകുന്നതേ ഒള്ളൂ.

അപ്പി മെല്ലെ കാലന്റെ ചെവിയിൽ ചോദിച്ചു.
“ഈ മച്ചമ്പിയെ ഞാനങ്ങ് തട്ടിയാലാ? അല്ല, അവിടെ എനിക്കൊരു കൂട്ടാവുമല്ലോ.”

“രക്ഷയില്ല, ഇനിയും നാൽപ്പത് കൊല്ലം കൂടെ ബാക്കിയൊണ്ട്…”

അപ്പിയുടെ തല മരവിച്ചു പോയി.
ഇനിയും നാൽപ്പത് കൊല്ലം?
ഇല്ല, ഇത് സഹിക്കാനാകുന്നില്ല.
നാൽപ്പതല്ല നൂറ് കൊല്ലം കൂടെ ആയുസ്സ്‌ ഒണ്ടെങ്കിലും ഞാനിപ്പോ കൊന്നാൽ മച്ചമ്പി ചത്തല്ലേ ഒക്കൂ…

അപ്പിയിലെ മൃഗം ഉണർന്നു.
അവൻ തറയിൽ കിടന്ന ഒരു വിറക് കഷ്ണം എടുത്ത്, മച്ചമ്പിയുടെ നേരെ കുതിച്ചു.
ആൾക്കൂട്ടം ചിതറിയോടി.

ആദ്യത്തെ അടി മച്ചമ്പി ഇടം കൈ കൊണ്ട് തടുത്തു. അപ്പോഴേയ്ക്കും കരയോഗക്കാർ അപ്പിയെ വട്ടം പിടിച്ചു. ഉന്തും തള്ളുമായി. ആക്രോശങ്ങൾ ഉയർന്നു. അപ്പിയും മച്ചമ്പിയും പരസ്പരം പോര് വിളിച്ചു. അപ്പി അപ്പോൾ ചക്രവ്യൂഹത്തിനുള്ളിൽ നിന്ന് പോരാടിയ അഭിമന്യുവിനെ പോലെ തോന്നിച്ചു.

ബഹളം കണ്ട് മിസ്റ്റർ കാലന്റെ പോത്ത് വിരണ്ടു. അത് കെട്ട് പൊട്ടിച്ചു. അഭിമന്യുവിനെ കൊമ്പുകളിൽ കോർത്ത് അമ്മാനമാടി നിലത്തിട്ടു. പോത്തിന്റെ കലിയടങ്ങി. ആൾക്കൂട്ടം ശാന്തമായി.

പൂർവ്വാധികം അക്രമോത്സുകനായി ചാടി എണീക്കുന്നതിനിടയിൽ, മിസ്റ്റർ കാലൻ അപ്പിയുടെ കൈയ്യിൽ കടന്ന് പിടിച്ചു കൊണ്ട് പറഞ്ഞു.

” മിസ്റ്റർ അപ്പീ.. പറഞ്ഞ പതിനഞ്ച് മിനിറ്റ് കഴിഞ്ഞിരിക്കുന്നു. യുവർ റ്റൈം ഈസ് അപ്പ്! വാ പോകാം..”

അപ്പിക്ക് ഒരു മരവിപ്പ് പോലെ തോന്നി.
അവൻ കാലന്റെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചു.

‘പ്രശസ്തനായ അപ്പി നിര്യാതനായി’ എന്ന് പ്രധാന വാർത്തയ്ക്ക് അച്ച് നിരത്തിയ മനോരമ, ഫ്രണ്ട് പേജ് മാറ്റി, പിറ്റേന്ന് ഇങ്ങനെ പത്രം പ്രസിദ്ധീകരിച്ചു.

‘അപ്പി പോത്ത് കുത്തി ചത്തു!’

ശുഭം

9 replies on “മിസ്റ്റർ കാലൻ!”

ഈ പാവപ്പെട്ട അപ്പി നിന്നോട് എന്ത് പാപം ചെയ്തു? എന്തിനീ ക്രൂരത?

ജാതകപ്റകാരം അപ്പി ക്ക് തൊണ്ണൂറ്റൊന്നു വയസ്സ് വരെ ആയുസുണ്ടായിരുന്നു. ഇത് മനപ്പൂര്‍വ്വം ആരോ പറ്റിച്ചപണിയായിരിക്കാനാണ് സാധ്യത. ആ മച്ചന്പിയെ വിശ്വസിക്കരുതെന്ന് പലരും പലപ്പോഴും പറഞ്ഞിട്ടുണ്ടായിരുന്നു. അതൊന്നും ആ പാവം അപ്പി ചെവിക്കൊണ്ടില്ല. അതിന്റെ ഫലമാണ് ഈ പോത്തുകുത്തിയുള്ള മരണത്തിൽ കലാശിച്ചത്. അപ്പി പുനർജനിക്കുമെന്നു തന്നെയാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. കാരണം ആയുസ് ഇനിയും ബാക്കിയുണ്ട്.

അടിപൊളി. ഒരു മരണ രംഗത്തെ മറ്റൊരു ആംഗിളിൽ കാണാൻ കഴിഞ്ഞത് അത്ഭുതം ആയിട്ടുണ്ട്. Keep going.

Leave a Reply

Your email address will not be published. Required fields are marked *