ന്യൂ ഇയർ ആയിട്ട് ഇന്ന് ‘ചാന്തിലി’യുടെ വക പാർട്ടിയാണ്. അവന്റെ വീട്ടിൽ വച്ച് തന്നെ.
സോറി, ചാന്തിലിയൊക്കെ പണ്ട്.
ഗൾഫീ പോയി അറബിയേയും പറ്റിച്ച് നാല് പുത്തനും കൊണ്ട് വന്നതിന് ശേഷം അവൻ സ്റ്റാൻലി ആണ്.
പക്ഷെ, അപ്പി അവനെ ‘ചാന്തിലീ’ എന്നേ വിളിക്കൂ..
മറ്റൊന്നും കൊണ്ടല്ല, സ്റ്റാൻലീ എന്ന് വിളിച്ചാൽ, അവൻ ഏതോ മൊതലാളിയാണെന്ന് തോന്നും. മറ്റാർക്കും അല്ല, അപ്പിക്ക് തന്നെ.
അത് സഹിക്കാൻ വയ്യ!
അസൂയ കൊണ്ടൊന്നും അല്ല. തന്റെ കൂടെ ചീട്ടും കളിച്ച്, ചെറ്റപൊക്കി നടന്നവൻ പെട്ടന്ന് പണക്കാരനായത് ഉൾക്കൊള്ളാൻ ഒരു വിഷമം.
അപ്പി സ്റ്റാൻലിയുടെ വീടിന് മുന്നിലെത്തി.
ചാന്തിലി ഈ വീട് വച്ചിട്ട് കുറച്ച് നാളേ ആയുള്ളൂ.
വീടെന്ന് പറയാൻ പറ്റില്ല. ബംഗാളികളുടെ ഭാഷയിൽ പറഞ്ഞാൽ ‘ബംഗ്ലാ…’.
അപ്പി ദുസ്സഹമായ വേദനയോടെ ആ വീട്ടിലേക്ക് നോക്കി.
ഒരു തൂവെള്ള കൊട്ടാരം. മുറ്റത്ത് നടപ്പാതയും വശങ്ങളിൽ പുൽത്തകിടിയും പൂന്തോട്ടവും. മുറ്റത്തിന്റെ ഒത്ത നടുക്ക് വായിൽ കൂടെ വെള്ളം ചാടുന്ന ഒരു മീനിന്റെ പ്രതിമ.
പണത്തിന്റെ അഹങ്കാരം! അല്ലാതെന്ത്.
ജനങ്ങൾ വെള്ളത്തിനായി കഷ്ടപ്പെടുന്ന ഒരു നാട്ടിൽ അവൻ മീനിന്റെ വായിൽ കൂടെ വെള്ളം തുപ്പിച്ച് കളിക്കുന്നു.
ചോദിക്കാനും പറയാനും ആരുമില്ലെങ്കിൽ ഇതല്ല, ഇതിനപ്പുറം കാണേണ്ടി വരും.
ഈ നാട്ടിലെന്താ കമ്യൂണിസം ഇല്ലാതായോ?
അപ്പി ഇങ്ങനെ ആത്മരോഷത്തിൽ പുകഞ്ഞു നിൽക്കുമ്പോൾ പെട്ടെന്ന് വീടിന്റെ മുൻ വാതിൽ തുറന്ന്, രണ്ട് പേർ മുറ്റത്തേക്കിറങ്ങി.
ചിറിയും തുടച്ച്, എന്തൊക്കെയോ വഷളത്തരവും പറഞ്ഞ്, ആടിയാടി അവർ ഗേറ്റ് കടന്ന് പോയി.
പാർട്ടിയുടെ ചില പ്രാദേശിക സമുന്നത നേതാക്കളാണ്.
അതിലൊരുത്തൻ പല്ലിട കുത്തി തുപ്പിയ അരക്കിലോ ഇറച്ചി നടുമുറ്റത്തെ വെയിലത്ത് കിടന്ന് ഫ്രൈ ആയി.
ഇല്ല! കമ്മ്യൂണിസം നശിച്ചിട്ടില്ല!
അപ്പി മനസ്സിൽ തിരുത്തി.
മുറ്റത്ത് കുറേ വില കൂടിയ കാറുകൾ കിടക്കുന്നു. പുത്തനുടുപ്പിട്ട കുറേ പരിഷ്ക്കാരി കൊച്ചുങ്ങൾ ഓടി കളിക്കുന്നുണ്ട്.
അപ്പി പരമാവധി വികൃതമായ ശബ്ദത്തിൽ വിളിച്ചു :
“ചാന്തീലീ…. ടേയ്…. പൂയ്…”
പരിഷ്ക്കാരികളായ പുതിയ കൂട്ടുകാരുടെ മുന്നിൽ അവനെയൊന്ന് നാറ്റിക്കണം. അത്രയേ ഒള്ളൂ.
ആരോ ചവിട്ടി പുറത്തേക്കെറിഞ്ഞ പോലെ സ്റ്റാൻലി എത്തി. അപ്പിയുടെ മുഖത്ത് നോക്കി കഷ്ടപ്പെട്ട് ഒന്ന് ചിരിച്ചു. ഫലത്തിൽ ഇളിച്ചു.
“വാടേയ് അപ്പി….” മുഖത്തെ ചിരി മായാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് സ്റ്റാൻലി പറഞ്ഞു.
അപ്പി സ്റ്റാൻലിയെ അടിമുടി നോക്കി.
ബെനട്ടന്റെ ടീ ഷർട്ട്. അതു പോലെ തന്നെ വില കൂടിയ ഒരു ജീൻസ്. ജീൻസ് ഏത് കമ്പനിയുടേതാണെന്ന് അവന്റെ കുണ്ടിയിൽ നോക്കിയിട്ട് പറയാം.
വലത് കൈയ്യിൽ ഒരു ബ്രേസ്ലെറ്റ്. വെള്ളിയല്ല., ചിലപ്പോൾ വൈറ്റ് ഗോൾഡ് ആയിരിക്കും. കഴുത്തിലും അതുപോലെ തന്നെ.
ഇടത് കൈയ്യിൽ ഫോസ്സിലിന്റെ വാച്ച്. പിന്നെ, സാംസങ്ങിന്റെ ഏറ്റവും കൂടിയ ഫോൺ, അത്, ജീൻസിന്റെ മുൻ പോക്കറ്റിൽ എല്ലാവർക്കും കാണാൻ പരുവത്തിന് കുത്തി നിർത്തിട്ടുണ്ട്.
ഈശ്വരാ .. വരുന്ന വഴിക്ക് വല്ല വിമാനവും തകർന്ന് ഇവൻ ചത്തിരുന്നെങ്കിൽ … ഞാനിതൊന്നും കാണേണ്ടി വരുമായിരുന്നില്ലല്ലോ…..
അപ്പിയുടെ പിള്ള മനസ്സ് അറിയാതെ ആശിച്ചു പോയി. അസൂയ കൊണ്ടല്ല കേട്ടോ.
സ്റ്റാൻലി അപ്പിയേയും കൂട്ടി വീടിനകത്തേക്ക് കടന്നു.
അപ്പി വീടിനകം ആകെ ഒന്ന് കണ്ണോടിച്ചു..
വയ്യ! വർണ്ണിക്കാൻ വയ്യ.
അപ്പി ദുഃസ്സഹമായ മന:ക്ലേശത്തോടെ തലതാഴ്ത്തി.
സ്റ്റാൻലി തന്റെ ഭാര്യയെ വിളിച്ചു.
“റോസമ്മേ…”
ഹൊ! ഇനി അതും കൂടിയേ ബാക്കിയുള്ളു.
റോസമ്മ !
നാട്ടിലെ ഏറ്റവും വലിയ പണക്കാരനായ ചാക്കോ മുതലാളിയുടെ ഏക മകൾ.
പണ്ട് , തേങ്ങാ മോഷ്ടിച്ചതിന് ചാക്കോ മുതലാളി തന്നേയും ചാന്തിലിയേയും ഒരുമിച്ചാണ് പിടിച്ചത്.
തെങ്ങിൽ കെട്ടിയിട്ട് തല്ലുമ്പോൾ, ഈ ഒറ്റ പുത്രി മട്ടുപ്പാവിൽ നിന്ന് കുലുങ്ങി ചിരിച്ചത് ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു.
പിന്നെ കാലം മാറി. ചാന്തിലി സ്റ്റാൻലി ആയി.
ആ ഒറ്റ പുത്രി ചാന്തിലിയുടെ കെട്ട്യോളായി.
അറബിയെ പറ്റിച്ച് നേടിയതും പോരാഞ്ഞ്, ചാക്കോ മൊതലാളിയുടെ സ്വത്തുക്കളും നേടി, ചാന്തിലി തന്റെ സാമ്രാജ്യം വികസിപ്പിച്ചു.
പക്ഷെ, അപ്പി ഇപ്പോഴും അപ്പി തന്നെ!.
അപ്പി ഓർത്തു.
അന്ന്, ചാന്തിലിക്ക് പകരം താൻ ഗൾഫിൽ പോയിരുന്നെങ്കിൽ ….
ദേശസ്നേഹവും പറഞ്ഞ്, നാട്ടിൽ ചൂണ്ടയിട്ട് നടന്ന ആ പഴയ മണ്ടൻ തീരുമാനത്തെ കുറിച്ച് ഓർത്ത് അപ്പി കരയാത്ത രാത്രികളില്ല.
ഇന്ന് രാത്രി കരച്ചിൽ അൽപ്പം കൂടും.
ഇതായിരിക്കും തന്റെ വിധി !.
സർവ്വാഭരണ വിഭൂഷിതയായി റോസമ്മ വന്നു. അപ്പിയെ നോക്കി ചിരിച്ചു.
ആ മഞ്ഞ വെളിച്ചം കണ്ട് അപ്പി കരഞ്ഞു.
സ്റ്റാൻലി തൂവാല കൊണ്ട് ആ കണ്ണീർ ഒപ്പി.
റോസമ്മ ആ തൂവാല പിഴിഞ്ഞ് അയയിൽ ഉണങ്ങാനിട്ടു.
പിന്നെ, അവർ രണ്ടു പേരും ചേർന്ന് അപ്പിയെ ടൈനിംഗ് ഹാളിലേക്ക് ആനയിച്ചു.
ടൈനിംഗ് ടേബിളിലേക്ക് നോക്കിയ അപ്പിയുടെ കരച്ചിൽ ഒരു നിമിഷം നിന്നു.
ഫ്രഞ്ച് സ്കോച്ചിൽ തുടങ്ങി നാടൻ വാറ്റ് വരെ. അങ്ങനെ നിരത്തി വച്ചിരിക്കുന്നു.
അപ്പിയുടെ കണ്ണ് തള്ളിപ്പോയി.
അവൻ തൽക്കാലത്തേക്കെങ്കിലും ദുഃഖങ്ങളോട് വിട പറഞ്ഞു.
എന്റെ കർത്താവേ ഞാൻ ഏതിൽ നിന്ന് തുടങ്ങും?.
മേശയുടെ വശത്തായി ഇരുന്ന ഓൾഡ് മോങ്ക് റമ്മിനെ അപ്പി അവജ്ഞയോടെ നോക്കി.
അവലക്ഷണം കെട്ടത്., മാന്യന്മാരുടെ ഇടയിൽ ഇവനെന്ത് കാര്യം?
ചിക്കനും മട്ടനും ബീഫും പോർക്കും എല്ലാം വെന്തമണം അപ്പിയുടെ മൂക്കിലൂടെ ഇടിച്ച് തള്ളി ഉള്ളിലേയ്ക്ക് കയറി.
അപ്പിയുടെ ബുദ്ധിമാനായ തലച്ചോർ അപ്പൊ തന്നെ മണങ്ങൾ വേർതിരിച്ച് അപ്പിക്ക് മുന്നറിയിപ്പ് നൽകി.
ബീഫ് പൊളിയാണ്. മസാലയും കുരുമുളകും എല്ലാം പാകം.
എല്ലാവരും കൂടെ വാരിതിന്ന് തീർക്കുന്നതിന് മുൻപ് വേണമെങ്കിൽ കുറച്ചെടുത്ത് ചാമ്പിക്കോ ..
തലച്ചോറ് അപ്പിയെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
ഒരെണ്ണം അടിയ്ക്കാതെ എങ്ങനെയാ ഇറച്ചി വാരി തിന്നുന്നത്. മോശമല്ലേ? ചുറ്റിലും ഇരിക്കുന്നവർ എന്ത് വിചാരിക്കും എന്നത് പോട്ടെ, തന്റെ സ്വന്തം വയറെന്ത് വിചാരിക്കും?
അല്ലെങ്കിലും ഈ മാന്യന്മാരുടെ കൂടെയിരുന്ന് വെള്ളമടിക്കുന്നതേ അപ്പിക്ക് ഇഷ്ടമല്ല.
കുപ്പി മുന്നിൽ കൊണ്ട് വച്ചാലും പിന്നെയും കൊണ കൊണാന്ന് വർത്തമാനവും പറഞ്ഞിരിക്കും. അലവലാതികൾ.
അപ്പി അക്ഷമയോടെ ചുറ്റിലും നോക്കി.
അടിച്ച് ഫിറ്റായ കോട്ടിട്ട ഒരു മാന്യൻ ചുമരിൽ ചാരി നിന്ന് ആടുന്നുണ്ട്.
സോഫയിലിരിക്കുന്ന ഒരു കൊച്ചമ്മ ചുമ്മാതെ ഇരുന്ന് ചിരിക്കുന്നു.
ബാക്കിയുള്ളവരുടേയും അവസ്ഥ വ്യത്യസ്തമല്ല.
ഒരു വിറയലോടെ അപ്പി ആ സത്യം തിരിച്ചറിഞ്ഞു.
‘ഇവിടെ പച്ചയ്ക്ക് നിൽക്കുന്നത് താൻ മാത്രമേയുള്ളൂ.’
ആ തിരിച്ചറിവിൽ ക്ഷുഭിതനായ അപ്പി, ആദ്യം കണ്ട കുപ്പിയുടെ കഴുത്തിന് തന്നെ പിടി മുറുക്കി.
ഓരോ തവണ മദ്യം ആമാശയത്തിലേക്ക് ഒഴിക്കുമ്പോഴും അപ്പിയുടെ തലച്ചോറ് അവന്റെ ശത്രുവായി മാറിക്കൊണ്ടേയിരുന്നു.
അന്ന് താൻ ഗൾഫിൽ പോയിരുന്നെങ്കിൽ ….
ഉള്ളിൽ നിന്ന് അലറി വന്ന കരച്ചിൽ പുറത്തേക്ക് ചാടാതിരിക്കാൻ അപ്പി, ആവി പറക്കുന്ന ചൂട് പോത്തിറച്ചി ഒരു പിടി വാരി, അണ്ണാക്കിലേക്ക് കുത്തിക്കയറ്റി.
ആമാശയം മദ്യവും ഇറച്ചിയും കൊണ്ട് നിറഞ്ഞ് കവിഞ്ഞ് തറയിലും വാഷ്ബേസിനിലുമായി പടർന്നു.
വാള് വച്ച് ക്ഷീണിച്ച അപ്പി, അന്ന് രാത്രി കരയാതെ സുഖമായി ഉറങ്ങി.
എന്നാൽ, രാത്രി മുഴുവൻ അവന്റെ കാതുകളിൽ റോസമ്മയുടെ കുലുങ്ങിച്ചിരി മുഴങ്ങി കേട്ടു കൊണ്ടേയിരുന്നു.
ഒരു കാര്യം പറയാൻ വിട്ടു പോയി.
ചാന്തിലി ഇട്ടിരുന്ന ജീൻസ്സ് ‘ലിവൈസ്’ ആയിരുന്നു.
12 replies on “അപ്പിയുടെ ന്യൂ ഇയർ”
Kollaam
Thank you ❤️
Adipoli…. അപ്പിയുടെ ന്യൂ ഇയർ
അപ്പി super
Thank you
Super! Loved it ! 🙂 🙂
Thank you
Nice piece Rajesh bhai
Thank you
Keep Going…
Super… parayan marannu…happy new year
നല്ല കഥാ ശൈലി. കൊള്ളാം.