അന്ന് ബാങ്കിൽ പതിവിലും തിരക്കായിരുന്നു. ക്യാഷ് കൗണ്ടറിൽ അപ്പി സാറാണ്. , മുൻകോപി. അതിന്റെ പരിഭ്രമം പ്ലൂൺ മരതകവർണ്ണന്റെ മുഖത്ത് കാണാനുമുണ്ട്. ഒരു ബെല്ല് മുഴങ്ങുമ്പോൾ തന്നെ ഓടിയെത്തിയില്ലെങ്കിൽ അപ്പി സാർ കോപിക്കും. അതൊഴിവാക്കാൻ എന്ത് ത്യാഗവും ചെയ്യാൻ തയ്യാറായി നിൽക്കയാണ് മരതകവർണ്ണൻ.
എന്നാലത് അപ്പിയോടുള്ള ഭയമോ ബഹുമാനമോ കൊണ്ടല്ല, മറിച്ച്, ദേഷ്യം വരുമ്പോൾ അപ്പി സാറിന്റെ വൃത്തികെട്ട മുഖം വീണ്ടും വികൃതമാകും. ആ വൃത്തികേട് കണ്ടാൽ അപ്പൊ മരതകവർണ്ണൻ ശർദ്ദിക്കും. ബാങ്കിനുളളിൽ സ്ഥിരമായി ശർദ്ദിക്കുന്നത് മോശമല്ലേ…
ടർർർ….
ഫസ്റ്റ് ബെൽ മുഴങ്ങി.
മരതകൻ ശരവേഗത്തിൽ ക്യാഷ് കൗണ്ടറിന് അരുകിലെത്തി.
പ്യൂൺ ഇത്ര വേഗത്തിൽ പ്രത്യക്ഷപ്പെട്ടത് അപ്പി സാറിന് അത്ര ഇഷ്ടപ്പെട്ടില്ല.
അദ്ദേഹം തലപൊക്കി നോക്കി , പിന്നെ പുറത്തേക്ക് തള്ളിനിൽക്കുന്ന വരണ്ട പല്ലുകളെ നാവ് കൊണ്ട് നനച്ചു കൊണ്ട് ചോദിച്ചു:
” നെനക്കൊന്നും വേറെ ഒരു പണിയും ഇല്ലേടേയ്? ഇവിടെ തന്നെ കുറ്റിയടിച്ച് നിൽക്കയാണാ?”
കഴിയുന്നത്ര വിനയം മുഖത്ത് വരുത്തി കൊണ്ട് മരതകൻ :
” ഇല്ല സാറേ, ഞാൻ ഓടി വന്നതാ”
മാനേജർ ഒപ്പിടാനുള്ള മൂന്ന് ചെക്ക് ലീഫുകൾ ലെഡ്ജറിനുള്ളിൽ വച്ച് , അത്, മരതകന്റെ നേരെ എറിഞ്ഞ് കൊണ്ട് അപ്പി സാർ നടുവ് നിവർത്തി. അപ്പോൾ ക്യാഷ് കൗണ്ടറിന് പുറത്ത് കണ്ട കാഴ്ച അപ്പി സാറിനെ ശരിക്കും തളർത്തി കളഞ്ഞു. ബാങ്കിന് പുറത്തേക്ക് നീണ്ടു കിടക്കുന്ന നെടുനീളൻ ക്യൂ.
അപ്പി സാർ കസേരയിലേക്ക് വീണു.
‘എല്ലാ തെണ്ടികളും തന്റെ നേർക്കാണല്ലോ…’ അപ്പി സാറ് പരിതപിച്ചു. പിന്നെ, മെല്ലെ തല പൊക്കി ബാങ്കിനുള്ളിലാകെ വീക്ഷിച്ചു.
തീർത്തും വേദനാജനകമായ കാഴ്ചകൾ.
ഒരു കുണ്ടറുകളിലും കാര്യമായ തിരക്കില്ല. ‘അതെങ്ങനെ .. എല്ലാ എരപ്പാളികളും കൂടെ എന്റെ മുമ്പിൽ വന്ന് നിക്കയല്ലേ?’
അപ്പി സാർ മാനേജരുടെ ക്യാബിനിലേക്ക് വെറുതേ ഒന്ന് നോക്കി. നോക്കിക്കഴിഞ്ഞപ്പോൾ നോക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.
‘ആ പൂതന ഫോണിൽ ആരോടോ സംസാരിച്ച് കൊഴഞ്ഞ് മറിയുന്നു.’
അപ്പി സാറിന് അല്ലെങ്കിലും മാനേജർ പുഷ്പ റാണിയെ കണ്ണെടുത്താൽ കണ്ടു കൂടാ.
‘കക്ഷം കീറിയ ബൗസ്സും ഇട്ട് നടക്കണ ശവം!’
ഒരേ സർവ്വീസ് ആണെങ്കിലും തന്നെ വെട്ടി, പുഷ്പറാണി മാനേജർ ആയതിൽ ചില തിരിമറികൾ ഉണ്ടായി എന്നതിൽ അപ്പി സാറിന് സംശയം ലവലേശമില്ല. തന്റെ അതേ പ്രായമാണ്. എന്നാൽ, കാണാനും കൊള്ളില്ല. പക്ഷെ, പറഞ്ഞിട്ടെന്താ കാര്യം.. പെണ്ണല്ലേ ഇനം!
കൗണ്ടറിൽ ഊഴം കാത്ത് നിന്ന വൃദ്ധൻ ഒന്ന് ചുമച്ചു.
ചുമയുടെ ദൈർഘ്യം കൂടി വന്നപ്പോൾ അപ്പി സാറിന് കലിയിളകി.
‘കുരച്ച് ചാവണ്ട, എന്താ കാര്യം?”
പാസ്സ് ബുക്ക് മെല്ലെ ഉള്ളിലേക്ക് തള്ളിക്കൊണ്ട് വൃദ്ധൻ മുരണ്ടു :
” ക്ഷേമ നിധി … “
പാസ്സ് ബുക്ക് പിടിച്ചു വാങ്ങി ക്കൊണ്ട് അപ്പി സാറിന്റെ സിംഹ ഗർജ്ജനം മുഴങ്ങി :
” അവിടെ പോയിരിക്ക് ! വിളിക്കാം..”
കൂ നിന്നിരുന്ന ജനസഞ്ചയം ക്യാഷ് കൗണ്ടറിലേക്ക് തുറിച്ചു നോക്കി. എന്നാൽ, അതിനുള്ളിലെ ഭീബൽസ മുഖം കണ്ട്, ആ കണ്ണുകൾ താനേ താഴ്ന്നു.
കൗണ്ടർ ക്ലോസ്സ് ചെയ്ത്, അപ്പി സാർ വേഗത്തിൽ മാനേജരുടെ കാബിനിലേക്ക് പാഞ്ഞു.
പല്ലുകൾ തട്ടി ഗ്ലാസ്സ് ഡോർ പൊട്ടാതിരിക്കാൻ ശ്രദ്ധയോടെ ഡോർ തുറന്ന് അപ്പി സാർ മാനേജരുടെ മുന്നിലെത്തി.
അപ്പി സാറിന്റെ വരവ് കണ്ട്, കാബിനിൽ ഉണ്ടായിരുന്ന മരതകൻ ഞെട്ടി വിറച്ചു. എന്നാൽ, പുഷ്പറാണിക്ക് കുലുക്കമില്ല.
അവർ തലയുയർത്താതെ അവജ്ഞയോടെ ചോദിച്ചു :
“എന്താ അപ്പി സാറേ?”
കാണാൻ വർക്കത്തില്ലാത്ത ഒരു ക്രിസ്ത്യനി പെണ്ണിന് സുന്ദരനായ നായരോട് തോന്നുന്ന അപകർഷതാ ബോധമായിട്ടേ അപ്പി അതിനെ കണ്ടുള്ളൂ.
” എനിക്ക് ചിലത് പറയാനുണ്ട് …” അപ്പി സാർ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“കൗണ്ടറിൽ നല്ല തിരക്കല്ലേ… ഇപ്പോ ചെല്ലൂ.. നമുക്ക് പിന്നെ സംസാരിക്കാം.”
പുച്ഛത്തിന്റെ ഉച്ചകോടി.
മരതകന്റെ മുഖത്തൊരു ചിരി പടർന്നോ എന്നൊരു സംശയം. അപ്പി സാർ തിരിഞ്ഞ് മരതകനെ നോക്കി.
ഇല്ല. തനിക്ക് തോന്നിയതാകാം. ഒന്നു കൂടെ നോക്കി ഉറപ്പ് വരുത്തി. ഭയഭക്തിബഹുമാനം നിറഞ്ഞ് കവിഞ്ഞ് നിൽക്കുന്ന മരതകൻ.
അപ്പി സാർ പുഷ്പറാണിയെ നോക്കി ഒന്ന് മുരടനക്കി.
പുഷ്പറാണി താൻ എഴുതിക്കൊണ്ടിരുന്ന പേന മേശപ്പുറത്തേക്ക് ഇട്ട് തലയുയർത്തി രൂക്ഷമായി അപ്പി സാറിനെ നോക്കി :
“എന്താ സാറേ..?”
കോപം കൊണ്ട് ചുവന്ന ആ മുഖം അപ്പി സാറിന്റെ നെഞ്ചിൽ ആഞ്ഞ് കൊത്തി. ആ നെഞ്ചൊന്ന് പിടഞ്ഞു. പല്ലുകൾ കുറച്ചു കൂടെ പുറത്തേക്ക് തള്ളി വന്നു.
ആദ്യമായി കാണുന്ന പോലെ അപ്പി സാർ, പുഷ്പറാണിയുടെ മുഖത്തേക്ക് നൂറ്റിയിരുപത് റിഫ്രഷ് റേറ്റിൽ നോക്കി…
ഇവൾക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ ..? അതോ ഈയിടെയായി കൂടിയതാണോ?
അതെങ്ങനെ, താനിവളുടെ മുഖത്തേക്ക് ഒന്ന് നേരം വണ്ണം നോക്കിയിട്ട് തന്നെ വർഷങ്ങളായി.
നഷ്ടപ്പെടുത്തിയ ദിവസങ്ങളെക്കുറിച്ചോർത്ത് അപ്പി സാറിന്റെ ആത്മാവ് നെഞ്ചത്തടിച്ച് പൊട്ടിക്കരഞ്ഞു.
അപ്പി സാർ കുറച്ചു കൂടെ അടുത്ത് ചെന്ന് അവരുടെ കക്ഷത്തിലേക്ക് ശ്രദ്ധാപൂർവം നോക്കി. പുതിയ ബ്ലൗസ്സാണ്, കീറിയിട്ടില്ല. കീറിക്കോളും. ആ കീറിയ ബ്ലൗസ്സിടുമ്പോൾ എന്തൊരു അഴകാണിവൾക്ക് !.
അപ്പി സാർ ഓർത്തു.
അപ്പി സാറിന്റെ വഷളൻ നോട്ടം സഹിക്കാനാകാതെ ചൂളിപ്പോയ പുഷ്പറാണി, ആ കസേരയിൽ ഇരുന്ന് കരിഞ്ഞുണങ്ങി പറന്നു പോയി.
മരതകൻ അന്നാദ്യമായി അപ്പി സാറിന്റെ മുഖത്ത് സൗന്ദര്യം കണ്ടു., അവൻ കരഞ്ഞു.
**************
4 replies on “അപ്പി സാറിന്റെ സൗന്ദര്യം!”
Well written..keep it up👍
Thank you Reshmi…
മരതകനോടൊപ്പം…
ഞാനും😀